Site icon Janayugom Online

ജനകീയ പ്രശ്നങ്ങളൊന്നും ചർച്ചയ്ക്കെടുക്കാതെ ലോക്‌സഭ അനിശ്ചിതകാലത്തേയ്ക്കു പിരിഞ്ഞു

പെഗാസസ്, കാര്‍ഷിക ബില്ലുകള്‍, കര്‍ഷക സമരം, വിലക്കയറ്റം, സര്‍ക്കാർ കോവിഡ് കൈകാര്യം ചെയ്തതിലെ പിഴവുകള്‍ ഉള്‍പ്പെടെ പ്രതിപക്ഷം സഭയിലുയർത്തിയ ജനകീയ വിഷയങ്ങള്‍ ഒന്നും ചർച്ചചെയ്യാൻ അനുമതി നൽകാതെ ലോക്‌സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. രാവിലെ ചേര്‍ന്ന ലോക്‌സഭയില്‍ ചോദ്യവേളയില്‍ തന്നെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചതോടെ സഭ 12 വരെ നിര്‍ത്തിവച്ചു. ഇതിനു ശേഷം സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

ജൂലൈ 19ന് ആരംഭിച്ച സഭ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങുന്ന കാഴ്ചയാണ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഉടനീളം ദൃശ്യമായത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തതോടെ നിശ്ചയിച്ചതിനു രണ്ടു ദിവസം മുന്നേ സഭാ നടപടികള്‍ അവസാനിപ്പിച്ച് പെഗാസസ് വിഷയത്തില്‍ സര്‍ക്കാര്‍ തടിതപ്പുകയായിരുന്നു.
പെഗാസസ് വിഷയം കോടതിയുടെ പരിഗണനയിലെന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. മാത്രമല്ല പെഗാസസ് എന്നത് സാധാരണ ജനങ്ങളുടെ വിഷയമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ പക്ഷം.

ലോക്‌സഭാ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പതിവു നടപടി ക്രമത്തിന്റെ ഭാഗമായി കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. സഭയില്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കണം. സഭാനടപടികള്‍ തടസപ്പെടുത്താതെ ചര്‍ച്ചകള്‍ നടത്തിയാല്‍ മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനാകൂവെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. 

കേരളത്തിന് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എം പിമാര്‍ ഇന്നലെ രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായായിരുന്നു എം പിമാരുടെ പ്രതിഷേധം. സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

സഭാ സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ഇന്നലെയും പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള പോരാട്ടം ഇനിയും ശക്തമാക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിപക്ഷ ഐക്യം സര്‍ക്കാരിനു പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ സഭാ സമ്മേളനം അവസാനിച്ചാലും യോജിച്ച് മുന്നേറാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഏതു തരത്തിലാകും എന്ന് പ്രതിപക്ഷം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. 

ENGLISH SUMMARY:The Lok Sab­ha adjourned indef­i­nite­ly with­out dis­cussing any pop­u­lar issues
You may also like this video

Exit mobile version