Site iconSite icon Janayugom Online

ഡെപ്യൂട്ടി സ്പീക്കറില്ലാതെ ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കുന്നു

ഇന്ത്യൻ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഡെപ്യൂട്ടി സ്പീക്കറില്ലാതെ ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കുന്നു. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത നടപടി ജനാധിപത്യ വിരുദ്ധവും അസാധാരണവുമാണെന്ന് പ്രതിപക്ഷവും ഭരണഘടനാ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ലോക്‌സഭാ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു സംഭവം ആദ്യമാണെന്നും കേട്ടുകേള്‍വി ഇല്ലാത്തതുമാണെന്ന് ലോക്‌സഭാ മുന്‍ ജനറല്‍ സെക്രട്ടറി പി ഡി ടി ആചാരി പ്രതികരിച്ചു.
10 ദിവസത്തെ ഇടക്കാല ബജറ്റ് സമ്മേളനം കഴിഞ്ഞ മാസം 31ന് ആരംഭിച്ചിരുന്നു. സമ്മേളനം അവസാനിക്കുന്നതോടെ 17-ാം ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കും. ഏപ്രില്‍-മേയ് മാസത്തിലാകും തെരഞ്ഞെടുപ്പ്. ഇനി ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ സാധ്യതയില്ല. സ്പീക്കറെ തെരഞ്ഞെടുത്ത് ഒരാഴ്ചയ്ക്കകമാണ് സാധാരണ ഗതിയില്‍ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കേണ്ടതെന്നും എന്നാല്‍ മോഡി സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും ആചാരി പറഞ്ഞു.
ഭരണഘടനയില്‍ അനുശാസിക്കുന്ന ഒരു കാര്യം ചെയ്യാൻ സഭ ബാധ്യസ്ഥരാണ്. സ്പീക്കറെയും ഡെപ്യുട്ടി സ്പീക്കറെയും തെരഞ്ഞെടുക്കേണ്ടത് സഭയാണ്. ഇതിനുള്ള പ്രമേയം കൊണ്ടുവരേണ്ടത് സര്‍ക്കാരാണ്. ഇതുവരെയുള്ള സമ്പ്രദായം അനുസരിച്ച് സ്പീക്കര്‍ ഭരണപക്ഷത്തു നിന്നും ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിപക്ഷത്തു നിന്നുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ അനുച്ഛേദം 93 അനുസരിച്ച് എത്രയും വേഗത്തില്‍ ലോക്‌സഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കണം. ഇവരുടെ സീറ്റുകളില്‍ ഒഴിവുണ്ടായാല്‍ ഉടന്‍ തന്നെ മറ്റൊരു വ്യക്തിയെ പദവിയിലേക്ക് തെരഞ്ഞെടുക്കണമെന്നും ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ കണക്കനുസരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാറുണ്ട്. 12-ാം ലോക്‌സഭയിലാണ് ഇതിനു മുമ്പ് സ്പീക്കറെ തെരഞ്ഞെടുക്കാൻ കൂടുതല്‍ കാലതാമസം നേരിട്ടത് 270 ദിവസം. ജിഎംസി ബാലയോഗി സ്പീക്കറായിരിക്കുന്ന കാലത്ത് പി എം സയ്യിദിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കുന്നതിനാണ് ഇത്രയേറെ ദിവസം കാലതാമസം നേരിട്ടത്. എന്നാല്‍ ഇതിനെ മറികടന്ന് ചരിത്രത്തില്‍ ആദ്യമായി ഡെപ്യൂട്ടി സ്പീക്കറില്ലാത്ത ഒരു സഭയായി 17-ാം ലോക്‌സഭ അറിയപ്പെടും. 

സഭാധ്യക്ഷനാകുന്ന സമയത്ത് സ്പീക്കറുടെ അതേ അധികാരമാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗമാണെങ്കില്‍ ആ കമ്മിറ്റിയുടെ അധ്യക്ഷൻ അദ്ദേഹമായിരിക്കും. സ്പീക്കറില്‍ നിന്ന് വ്യത്യസ്തമായി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭയില്‍ സംസാരിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും സാധിക്കും. എന്നാല്‍ സ്പീക്കറുടെ പദവിയിലിരിക്കെ ഇത് സാധ്യമല്ല. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സഭയില്‍ ഇല്ലാത്ത അവസരങ്ങളില്‍ സ്പീക്കര്‍ തെരഞ്ഞെടുത്ത 10 അംഗ പാനലില്‍ നിന്ന് ഒരാള്‍ക്ക് സഭാ തലവനാകാം. 17-ാം ലോക്‌സഭയിലും അത്തരത്തില്‍ പാനല്‍ അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 

Eng­lish Summary:The Lok Sab­ha com­pletes its term with­out a Deputy Speaker
You may also like this video

Exit mobile version