ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഔദ്യോഗിക കാലാവധി അടക്കമുള്ള കാര്യങ്ങളിൽ മാറ്റം നിർദ്ദേശിക്കുന്ന കേരള ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി.
സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റീസ് പദവികളിൽനിന്ന് വിരമിച്ചവർക്കുപുറമെ ഹൈക്കോടതി മുൻ ജഡ്ജിയെയും ലോകായുക്ത നിയമനത്തിന് പരിഗണിക്കാമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതി മുൻ ജഡ്ജിയെ ഉപലോകായുക്തയായും നിയമിക്കാം. അഞ്ചുവർഷമോ, എഴുപത് വയസോ പൂർത്തിയാകുന്ന മുറയ്ക്ക് നിയമന കാലാവധി അവസാനിക്കും.
ലോകായുക്തയുടെ തസ്തികയിൽ ഒഴിവ് വന്നാൽ എന്ത് ക്രമീകരണം വേണമെന്ന് നിലവിൽ വ്യവസ്ഥയില്ലായിരുന്നു. ഇതിനായി നിയമത്തിലെ ഏഴാം വകുപ്പിൽ (5എ), (5 ബി) ഉപവകുപ്പുകൾ കൂട്ടിച്ചേർത്തു. മരണം, രാജി തുടങ്ങിയ കാരണങ്ങളാൽ ഒഴിവ് വന്നാൽ ഗവർണർക്ക് പുതിയ ലോകായുക്തയുടെ നിയമനം വരെ ഏറ്റവും മുതിര്‍ന്ന ഉപലോകായുക്തയെ ലോകായുക്തയായി അധികാരപ്പെടുത്താം. ലോകായുക്തയോ, ഉപലോകായുക്തയോ അന്വേഷണാനന്തരം നൽകുന്ന റിപ്പോർട്ട് ചുമതലപ്പെടുത്തിയ അധികാരിക്ക് ആവശ്യമായ പരിശോധനകൾക്കുശേഷം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ നിയമ ഭേദഗതി നിർദ്ദേശം അധികാരപ്പെടുത്തുന്നു.
എംഎൽഎമാർക്കെതിരായ റിപ്പോർട്ടിൽ സ്പീക്കറും മുഖ്യമന്ത്രിക്കെതിരായ റിപ്പോർട്ടിൽ സംസ്ഥാന നിയമസഭയും പരിശോധിച്ച് നടപടി സ്വീകരിക്കും. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാനതല നേതാക്കളെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
എ സി മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു. നിയമ മന്ത്രി പി രാജീവ് മറുപടി നൽകി. ബിൽ പാസാക്കൽ നടപടികളുടെ അവസാന ഘട്ടത്തിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ഭേദഗതി നിർദ്ദേശങ്ങൾ ലോകായുക്ത നിയമത്തെ ദുർബലമാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോടതിക്ക് തുല്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ കാര്യം: നിയമമന്ത്രി
തിരുവനന്തപുരം: ലോകായുക്തക്കു ജുഡീഷ്യൽ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നും ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.
ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് നിലനിൽക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും ചേരാതിരുന്ന വകുപ്പ് രാജ്യത്തിന്റെ ലോക്പാലിനും ലോകായുക്തയ്ക്കും ഒപ്പം ഭേദഗതി ചെയ്യുക എന്ന ദൗത്യമാണ് നിർവഹിച്ചിട്ടുള്ളതെന്നും ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മന്ത്രി മറുപടി നല്‍കി. നിയമസഭയിൽ ലോകായുക്ത തീരുമാനം ചർച്ചചെയ്യുമ്പോൾ അത് പൊതുസമൂഹം ഏറ്റെടുക്കും. കൃത്യമായ തീരുമാനത്തിലെത്തും.
പുതിയ നിയമം ലോകായുക്ത നിയമത്തെ ശാക്തീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: The Lokayukta Amendment Bill has been passed by the Assembly
You may like this video also