ലൂവ്രെ മ്യൂസിയത്തിലെ ഏറ്റവും വിലയേറിയ ആഭരണങ്ങള്‍ ബാങ്ക് ഓഫ് ഫ്രാൻസിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് കിരീടാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ നിന്ന് ചില വിലയേറിയ വസ്തുക്കളുടെ കൈമാറ്റം പൊലീസ് അകമ്പടിയോടെ നടന്നതായി പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് ആർടിഎൽ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാൻസിന്റെ സ്വർണ്ണ ശേഖരം ഭൂമിയിൽ നിന്ന് 27 മീറ്റർ (88 അടി) താഴെയായി ഒരു വലിയ നിലവറയിൽ സൂക്ഷിക്കുന്ന ബാങ്ക് ഓഫ് ഫ്രാൻസ്, ലൂവ്രിൽ നിന്ന് വെറും 500 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഒക്ടോബർ 19 ന് ലൂവ്രെയില്‍ നിന്ന് 102 മില്യൺ ഡോളർ വിലമതിക്കുന്ന എട്ട് വിലയേറിയ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടിരുന്നു. ക്രെയിൻ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനല്‍ച്ചില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങൾ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ രാജകുടുംബത്തിന്റെ രത്ന കിരീടം, മാലകള്‍, കമ്മലുകള്‍ എന്നിവയുള്‍പ്പെടെ അമൂല്യ വസ്തുക്കളാണ് നഷ്ടമായത്. യൂജിൻ ചക്രവർത്തിയുടെ കിരീടം മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവര്‍ച്ചയ്ക്ക് ശേഷം അടച്ചിട്ടിരിക്കുകയായിരുന്ന മ്യൂസിയം കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.

