Site iconSite icon Janayugom Online

തബലയുടെ ഉസ്താദ് ഓര്‍മ്മയായി; സംസ്കാരച്ചടങ്ങുകള്‍ സാൻ ഫ്രാൻസിസ്കോയിൽ

അന്തരിച്ച തബല ഇതിഹാസം സക്കീർ ഹുസൈന്റെ സംസ്കാരച്ചടങ്ങുകള്‍ സാൻ ഫ്രാൻസിസ്കോയിൽ നടക്കും. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇന്നലെ രാവിലെയോടെയാണ് കുടുംബം സ്ഥിരീകരിച്ചത്. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 1951 മാര്‍ച്ച് 9ന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സക്കീർ ഹുസൈന്‍ ജനിച്ചത്. വിഖ്യാത തബലിസ്റ്റ് ഉസ്താദ് അല്ലാ രഖ ഖാന്‍ ആയിരുന്നു അച്ഛന്‍. ഏഴാം വയസില്‍ ആദ്യമായി വേദിയിലെത്തി. 12-ാം വയസില്‍ സംഗീതത്തില്‍ സ്വതന്ത്ര യാത്ര ആരംഭിച്ചു. മുംബൈ മാഹിമിലെ സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ബിരുദം നേടി. 

19-ാം വയസില്‍ വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സംഗീതം നല്‍കി. നാലു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 ല്‍ പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.

നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആഗോള സംഗീതവുമായി സമന്വയിപ്പിക്കുകയും അതിലൂടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

Exit mobile version