Site iconSite icon Janayugom Online

മാജിക് മഷ്റൂം നിരോധിത ലഹരിയല്ല; ലഹരിക്കേസിലെ പ്രതിക്ക് ജാമ്യം നൽകി ഹൈക്കോടതി

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്നും സ്വാഭാവികമായുണ്ടാകുന്ന ഫം​ഗസാണെന്നും നിരീക്ഷണവുമായി ഹൈക്കോടതി.
ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 226 ​ഗ്രാം മാജിക് മഷ്റൂമും 50 ​ഗ്രാം മാജിക് മഷ്റൂം-കാപ്സ്യൂളും കൈവശം വച്ചയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. 2024 ഒക്ടോബറിലായിരുന്നു ബെം​ഗളൂരു സ്വദേശിയായ 38‑കാരൻ മാജിക് മഷ്റൂമുമായി പൊലീസ് പിടിയിലായത്. 

മാനന്തവാടി എക്സൈസാണ് 38‑കാരനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. മഷ്റൂമും, മഷ്റൂം ​ഗുളികകളും തൂടാതെ 6.95 ​ഗ്രാം ചരസ്, 13.2 ​ഗ്രാം ​കഞ്ചാവ് എന്നിവയും പ്രതിയിൽ നിന്ന് കണ്ടെത്തിയിരുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ നിന്ന് ലഹരിവസ്തുക്കൾ പിടികൂടിയത്. എന്നാൽ നാർകോട്ടിക് ഡ്ര​ഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് 1985ന് കീഴിൽ പട്ടികപ്പെടുത്തിയ ലഹരിവസ്തുവല്ല മാജിക് മഷ്റൂമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സൈലോക്ലൈബിൻ എന്ന പദാർത്ഥം ലഹരിവസ്തുക്കളുടെ പട്ടികയിലുണ്ട്. എന്നാൽ ഇത് വെറും ഒരു ശതമാനം മാത്രമാണ് മഷ്റൂമിലുള്ളത്. ആയതിനാലാണ് 90 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയെ കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Exit mobile version