Site iconSite icon Janayugom Online

മഹാപടവ് സമാപിച്ചു; ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന തൊഴിലാളി- കര്‍ഷക-കര്‍ഷകതൊഴിലാളി മഹാധര്‍ണ ഉത്തര്‍പ്രദേശില്‍ സമാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കാനുള്ള തീരുമാനം ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ സന്ദര്‍ശനുമതി നിഷേധിച്ചതോടെ റദ്ദാക്കി.

ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ നടന്ന സമരത്തില്‍ ആയിരക്കണക്കിന് തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളികളാണ് പങ്കെടുത്തത്. സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക, സംഭരിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് സ്വാമിനാഥന്‍ കമ്മിഷന്‍ നിശ്ചയിച്ച മിനിമം താങ്ങു വില ലഭ്യമാക്കുക, തൊഴില്‍ നിയമം പരിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു കര്‍ഷകരും തൊഴിലാളികളും മൂന്നു ദിവസം നീണ്ടുനിന്ന രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്‌കെഎം നേതാക്കള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് കിസാന്‍ സഭ, ഭാരതീയ കിസാന്‍ യൂണിയന്‍, അഖില ഭാരതീയ കിസാന്‍ മഹാസഭ, ക്രാന്തികാരി കിസാന്‍ യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മഹാധര്‍ണ. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എഐയുടിയുസി, ട്രേഡ് യുണിയന്‍ കോഓര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ‌്മെന്റ് വുമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും സമരത്തിന്റെ ഭാഗമായി.
കാര്‍ഷിക വായ്പ എഴുതിത്തള്ളുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന കാര്‍ഷികനഷ്ടത്തിനുള്ള ധനസഹായം വര്‍ധിപ്പിക്കുക, ലഖിംപൂര്‍ഖേരി ഇരകകള്‍ക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 

Eng­lish Summary:The Maha­pa­dav is con­clud­ed; Samyuk­ta Kisan Mor­cha will hold a nation­wide agitation
You may also like this video

YouTube video player
Exit mobile version