Site iconSite icon Janayugom Online

തൊടുപുഴയിലുണ്ട് ദേവലോകത്തെ ‘മഹ്കോട്ട ദേവ പഴം’

fruitfruit

ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന മഹ്കോട്ട ദേവ(ഗോഡ്സ് ക്രൗൺ) പഴങ്ങളുടെ കലവറയായി മാറിയിരിക്കുകയാണ് തൊടുപുഴ മണക്കാട് സ്വദേശിയായ കെ ജി സജിമോന്റെ കൃഷിത്തോട്ടം.
ഇന്തോനോഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഈ വിദേശി പഴം മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ നിരവധി ഔഷധ ഗുണങ്ങളുള്ള പഴങ്ങളാണ് മഹ്കോട്ടയുടേത്. ദൈവത്തിന്റെ കിരീടം അഥവാ ദേവലോകത്തെ പഴം എന്നറിയപ്പെടുന്ന മഹ്കോട്ട ദേവ വർഷത്തിൽ ഏത് കാലാവസ്ഥയിലും വിളയുന്ന ഒരു ഔഷധ സസ്യംകൂടിയാണ്.
ആറ് മാസം കഴിയുമ്പോൾ തന്നെ ഇവയിൽ പഴങ്ങൾ കായ്ച്ച് തുടങ്ങും. പഴുത്താൽ ചുവന്ന് നിറത്തിലുള്ള പഴങ്ങളാകും. സസ്യം ഏകദേശം 12 അടിയോളം ഉയരത്തിൽ എത്തുമ്പോൾ തന്നെ വലിയ രീതിയിൽ പഴങ്ങൾ കായ്ക്കും. വെച്ചൂർ പശുവിന്റെ ചാണകം ഉൾപ്പെടെയുള്ള ജൈവ കൃഷി രീതിയാണ് സജിമോൻ പിന്തുടരുന്നത്. ചവർപ്പ് ഉള്ളതിനാൽ മഹ്കോട്ട പഴം നേരെ പറിച്ച് എളുപ്പം കഴിക്കാവുന്നവയല്ല.
പഴം അരിഞ്ഞ് ഉണക്കി ഇവ വെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാൽ മനുഷ്യരുടെ ഒട്ടുമിക്ക രോഗങ്ങളും പമ്പകടക്കുമെന്നാണ് സജിമോൻ പറയുന്നത്. ഇതിന്റെ പഴം പോലെ ഇല, തണ്ട് എന്നിവയെല്ലാം ഔഷധ ഗുണമുള്ളതാണ്. മഹ്കോട്ട ദേവയിലുള്ള രാസ പദാർത്ഥങ്ങളായ ഫ്ലാവനോയിഡ്, ആൽക്കനോയിഡ്, സാപോണിൻ, പോളിഫെനോൾ എന്നിവ ഡയബറ്റീസ്, കൊളസ്ട്രോൾ, അലർജി എന്നിവയ്ക്ക് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഏഴ് വർഷമായി ഏക്കറു കണക്കിന് സ്ഥലത്ത് മഹ്കോട്ട കൃഷി ചെയ്തിരുന്നു. ആവശ്യക്കാരേറിയതോടെ ഇവ സംസ്ഥാനത്തിന് പുറത്തേക്കു മാത്രമല്ല വിദേശത്തേക്കും കയറ്റി അയച്ചു തുടങ്ങി. ഏകദേശം 100 ഓളം മഹ്കോട്ട മരങ്ങളാണ് സജിമോന്റെ കൃഷിയിടത്തിലുള്ളത്. മഹ്കോട്ട ദേവയെ നല്ലൊരു ഔഷധ സസ്യമായി ജനങ്ങളിലേക്കെത്തിക്കുകയാണ് കർഷകനായ സജിമോന്റെ ലക്ഷ്യം. 30 വർഷത്തോളമായി കൃഷിയിൽ സജീവമായി സജിമോനോടൊപ്പം സഹായവുമായി നാരായണൻ ചേട്ടനും ഒപ്പം ഉണ്ട്. ഭാര്യ സിന്ധുവും കൃഷിയിൽ സജീവമാണ്.

Eng­lish Sum­ma­ry: The ‘Mahko­ta Deva fruit’ of Devaloka

You may like this video also

YouTube video player
Exit mobile version