Site iconSite icon Janayugom Online

കന്നിക്കിരീടം ലക്ഷ്യം; ഡല്‍ഹിയെ അക്സര്‍ നയിക്കും

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ നായകനായി അക്സര്‍ പട്ടേല്‍. ലേ­ലത്തില്‍ പുറത്തായ റിഷഭ് പ­ന്തിന്റെ പകരക്കാരനായാണ് അ­ക്സര്‍ എത്തുന്നത്. നേരത്തെ കെ എല്‍ രാഹുലിനെ നായകനാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും രാഹുല്‍ ഈ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഡല്‍ഹി അക്സറിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2019 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ് അക്സര്‍. ഇത്തവണത്തെ മെഗാ താരലേലത്തിനു മുമ്പ് 18 കോടിരൂപയ്ക്കാണ് ഡല്‍ഹി താരത്തെ നിലനിര്‍ത്തിയത്. 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 1653 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. 

ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് നേട്ടത്തിലും ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരമാണ് അക്സര്‍. ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന ഇന്ത്യയുടെ ടി20 പരമ്പരയില്‍ അക്സര്‍ വൈസ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ നായകനയി ആദ്യമായാണ് താരം പരീക്ഷിക്കപ്പെടാന്‍ പോ­കുന്നത്. താരത്തിന്റെ നേ­തൃപാടവം ഇത്തവണ പരീക്ഷിക്കപ്പെടും. 17 സീസണുകളില്‍ ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടമുയര്‍ത്താനാകാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇത്തവണ പുതിയ മാറ്റത്തിലൂടെ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ റെക്കോഡ് തുകയ്ക്കാണ് പോയത്. 

Exit mobile version