Site icon Janayugom Online

മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഏറ്റുമുട്ടലിനിടെ പൊലീസ് പിടിയിലായ മാവോയിസ്റ്റുകളെ കല്‍പറ്റ സി ജെ എം കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം രാത്രി വയനാട്-കണ്ണൂര്‍ അതിര്‍ത്തിയായ പേര്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പിടിയിലായത്. 

ഇന്ന് വൈകിട്ട് നാലരയോടെയാണ് കല്‍പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കിയത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും പിന്നീട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിച്ചപ്പോഴും അവിടെ നിന്നും കൊണ്ടുപോകുമ്പോഴും ചന്ദ്രുവും ഉണ്ണിമായയും മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. പിടിയിലായ ചന്ദ്രു സായുധ മാവോയിസ്റ്റുകളില്‍ പ്രധാനിയാണ്. 

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പേര്യ ചപ്പാരത്ത് വെച്ച് മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. ചപ്പാരത്ത് താമസിക്കുന്ന അനീഷ് എന്നയാളുടെ വീട്ടിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഭക്ഷണം കഴിച്ചതിന് ശേഷം ഇറങ്ങുമ്പോഴായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘം വീട് വളഞ്ഞത്. 

കീഴടങ്ങാന്‍ പൊലീസ്സേന ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പൊലീസിന് നേരെ വെടിവയ്ച്ചു. പൊലീസും തിരിച്ച് നിറയൊഴിച്ചു. അരമണിക്കൂറോളം സമയം വെടിവയ്പ്പ് നീണ്ടതായാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് ചന്ദ്രുവിനെയും ഉണ്ണിമായയെയും പിടികൂടുന്നത്. വെടിവെപ്പിനിടെ സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Eng­lish Summary:The Maoists were tak­en into police custody
You may also like this video

Exit mobile version