Site iconSite icon Janayugom Online

വിവാഹാഭ്യർത്ഥന നിരസിച്ചു; ഗുരുഗ്രാമിൽ ക്ലബ്ബ് ജീവനക്കാരിക്ക് നേരെ വെടിവെപ്പ്, രണ്ട് പേർ പിടിയിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ക്ലബ്ബ് ജീവനക്കാരിയെ വെടിവെച്ച് കൊല്ലാൻ ശ്രമം. ഡിസംബർ 20ന് പുലർച്ചെ ഗുരുഗ്രാമിലെ എംജി റോഡിലുള്ള ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഡൽഹി സംഗം വിഹാർ സ്വദേശികളായ തുഷാർ (25), സുഹൃത്ത് ശുഭം (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി നജഫ്‌ഗഡ് സ്വദേശിയായ കല്പന(25) എന്ന യുവതിക്കാണ് വെടിയേറ്റത്. ആറുമാസം മുമ്പ് യുവതിയുമായി സൗഹൃദത്തിലായ തുഷാർ ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹാഭ്യർത്ഥന യുവതി പലതവണ നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ഡിസംബർ 19ന് രാത്രി സുഹൃത്തിനൊപ്പം ക്ലബ്ബിലെത്തിയ തുഷാർ വീണ്ടും വിവാഹാഭ്യർത്ഥന നടത്തുകയും യുവതി വിസമ്മതിച്ചതോടെ വെടിയുതിർക്കുകയുമായിരുന്നു.

ഒരു മാസം മുമ്പ് പ്രതി യുവതിയുടെ വീട്ടിലെത്തി കലഹമുണ്ടാക്കിയിരുന്നതായും പരാതിയിലുണ്ട്. വെടിയേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഉത്തർപ്രദേശിലെ ബറൗട്ടിലേക്ക് കടന്ന പ്രതികളെ ക്രൈം യൂണിറ്റ് സംഘമാണ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സെക്ടർ 29 പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Exit mobile version