Site icon Janayugom Online

കൂട്ടപ്പലായനം തുടരുന്നു; നാഗോർണോ-കറാബാഖ് റിപ്പബ്ലിക് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍

സ്വയം പ്രഖ്യാപിത നാഗോ­ർണോ-കറാബാഖ് റിപ്പബ്ലിക് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍. 2024 ജനുവരി ഒന്നിനകം എല്ലാ സംസ്ഥാന സ്ഥാപനങ്ങള്‍ പിരിച്ചുവിടാനുള്ള ഉത്തരവിൽ നാഗോർണോ-കറാബാഖ് പ്രസിഡന്റ് സാംവെൽ ഷഹ്‌രാമന്യൻ ഒപ്പുവച്ചതായി പ്രസ്താവനയിൽ പറഞ്ഞു. നഗോര്‍ണോ കറാബാഖിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും അർമേനിയയിലേക്ക് പലായനം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അസർബൈജാന്റെ പുനഃസംയോജനത്തിന്റെ വ്യവസ്ഥകൾ അംഗീകരിക്കുന്നതും പ്രദേശത്ത് തുടരണോ വിട്ടുപോകണോ എന്ന കാര്യത്തിലും ജനങ്ങള്‍ സ്വതന്ത്രവും വ്യക്തിഗതവുമായ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നാഗോർണോ-കറാബാക്കിൽ നിന്ന് 68,386 പേർ അര്‍മേനിയയിലെത്തിയതായി പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ പറഞ്ഞു. പലായനത്തെ വംശീയ ഉന്മൂലമെന്നാണ് പഷിനിയൻ വിശേഷിപ്പിച്ചത്. അസർബൈജാനെതിരെ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ധനസഹായം നൽകിയതിന് നാഗോർണോ കറാബാഖിന്റെ മുൻ നേതാവ് റൂബൻ വർദന്യനെതിരെ കുറ്റം ചുമത്തിയതായി അസർബൈജാന്‍ അധികൃതര്‍ അറിയിച്ചു. അർമേനിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍ മന്ത്രിയായിരുന്ന വർദന്യനെ കസ്റ്റഡിയിലെടുത്തത്.

നഗോര്‍ണോ- കറാബാക്കില്‍ നിന്ന് അര്‍മേനിയയിലേക്കുള്ള പാത പത്ത് മാസങ്ങള്‍ക്ക് ശേ­ഷം തുറന്നുനല്‍കിയതോടെയാണ് ജനങ്ങള്‍ പലായനം ചെയ്തത്. അസർബൈജാന്‍ സൈ­ന്യം ന­ഗോർണോ-കറാബാഖിൽ പൂ­ർണ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് വംശീയ ഉന്മൂലനം ഭയന്ന് ആയിരക്കണക്കിന് അർമേനിയൻ വംശജർ പലായനം ആരംഭിച്ചത്. മേഖലയില്‍ 1,20,000 അര്‍മേനിയന്‍ വംശജരാണുള്ളത്. തെ­ക്കൻ കോക്കസസിലെ പർവതമേഖലയായ നഗോർണോ കറാബാഖ് അന്താരാഷ്ട്രതലത്തി­ൽ അംഗീകരിക്കപ്പെട്ടതുപ്രകാരം അ­­സർബൈജാന്റെ ഭാഗമാണെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍വംശജരുടെ നിയന്ത്രണത്തിലായിരുന്നു.

Eng­lish Summary:The mass exo­dus con­tin­ues; The gov­ern­ment will dis­solve the Nagorno-Karabakh Republic
You may also like this video

Exit mobile version