യൂറോപ്യന്‍ മേഖല ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ വമ്പന്മാര്‍ക്ക് ജയം. ഐസ്‌ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രഞ്ച്പടയുടെ തിരിച്ചുവരവ്. 21-ാം മിനിറ്റില്‍ ആന്‍ഡ്രി ഗുജോഹ്സെന്‍ നേടിയ ഗോളില്‍ ഐസ്‌ലാന്റ് മുന്നിലെത്തി. എന്നാല്‍ 45-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായ പെനാല്‍റ്റിയെത്തി. കിക്കെടുത്ത കിലിയന്‍ എംബാപ്പെ പന്ത് ഐസ്‌ലാന്റ് വലയിലെത്തിച്ച് സമനില നേടി. 62-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍ക്കോള ഫ്രാന്‍സിന്റെ ലീഡ് ഇരട്ടിയാക്കി. 68-ാം മിനിറ്റില്‍ ഔറേലിയൻ ചൗമേനി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ഫ്രാന്‍സ് വിജയം കൈവിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ രണ്ടില്‍ രണ്ടും ജയിച്ച് ഫ്രാന്‍സ് ഒന്നാമതാണ്. ഐസ്‌ലാന്റ് രണ്ടാം സ്ഥാനത്തുണ്ട്.
ആവേശകരമായ മത്സരത്തില്‍ ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് പോര്‍ച്ചുഗല്‍ വിജയം നേടി. 21-ാം മിനിറ്റില്‍ ബര്‍ണബസ് ബാര്‍ഗ ഹംഗറിയെ മുന്നിലെത്തിച്ചു. എന്നാല്‍ 36-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. 58-ാം മിനിറ്റില്‍ പറങ്കിപ്പടയ്ക്ക് അനുകൂലമായ പെനാല്‍റ്റിയെത്തി. കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 54-ാം മിനിറ്റില്‍ ബര്‍ണബസ് വീണ്ടും ഗോള്‍ നേടിയതോടെ ഹംഗറി സമനില കണ്ടെത്തി. രണ്ട് മിനിറ്റിനുള്ളില്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ജാവോ കാന്‍സെലോ നേടിയ ഗോളില്‍ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് എഫില്‍ രണ്ടു മത്സരവും വിജയിച്ച് ഒന്നാമതാണ് പോര്‍ച്ചുഗല്‍. ഹംഗറി മൂന്നാമതാണ്. സെര്‍ബിയയ്ക്കെതിരെ എകപക്ഷീയമായ അഞ്ച് ഗോള്‍ ആധികാരിക വിജയവുമായി ഇംഗ്ലണ്ട്. 33-ാം മിനിറ്റില്‍ ഹാരി കെയ്നും 35-ാം മിനിറ്റില്‍ നോനി മഡ്യൂക്കും നേടിയ ഗോളില്‍ ഇംഗ്ലണ്ട് ആദ്യപകുതി തങ്ങളുടെ വരുതിയിലാക്കി. എന്നാല്‍ ആദ്യ പകുതിയേക്കാളും ആക്രമണം അഴിച്ചുവിട്ട ഇംഗ്ലീഷ്‌പട രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി. എസ്രി കോണ്‍സ (52), മാര്‍ക്ക് ഗുയിഹി (75), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (90) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഗ്രൂപ്പ് കെയില്‍ അഞ്ചില്‍ അഞ്ചും ജയിച്ച് തലപ്പത്താണ് ഇംഗ്ലണ്ട്. സെര്‍ബിയ മൂന്നാമതാണ്. മറ്റു മത്സരങ്ങളില്‍ ബോസ്നിയയെ ഓസ്ട്രിയ 2–1ന് പരാജയപ്പെടുത്തി. സൈപ്രസ്- റൊമാനിയ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി.

