Site iconSite icon Janayugom Online

മിമിക്രി മത്സരം കിടുക്കി, തിമിർത്തു; കലക്കി

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഇന്നലെ താരമായത് കൊച്ചു മിമിക്രി താരങ്ങൾ. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രി മത്സരം നിലവാരം കൊണ്ട് ഉന്നതിയിൽ എത്തിയപ്പോൾ കാണികൾക്കും സന്തോഷം.
വേദി നാലിൽ തൃശൂർ ടൗൺഹാളാണ് മിമിക്രി മത്സരത്തിന് വേദിയായത്. ആദ്യം അരങ്ങേറിയത് ആൺകുട്ടികളുടെ മത്സരം. വേദിയിലെത്തിയ ഓരോരുത്തരും മിന്നും പ്രകടനം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചു. പതിവ് ആട്, കോഴി, പൂച്ച അനുകരണങ്ങളുണ്ടായിരുന്നുവെങ്കിലും സിനിമാതാരങ്ങളെ കൃത്യതയോടെ അവതരിപ്പിച്ച് ഞെട്ടിച്ചവരുമുണ്ടായിരുന്നു. മത്സരാർത്ഥികളിൽ ഭൂരിഭാഗവും തീവണ്ടിയുടെ ശബ്ദവും അനുകരിച്ചു. കാട്ടിലെ മൃഗങ്ങളുടെ തെരഞ്ഞെടുപ്പ് വേദിയിൽ എത്തിച്ച് നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഇഷാൻ കാണികളെ വിസ്മയിപ്പിച്ചു. സിനിമാതാരങ്ങളുടെ ശബ്ദാനുകരണത്തിലൂടെ കാണികളെ വിസ്മയിപ്പിച്ചത് കോട്ടപ്പുറം മതിലകം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആൽവിൻ ആന്റണി എന്ന മിടുക്കനാണ്. 

ഓരോ താരങ്ങളെയും പ്രൊഫഷണൽ മിമിക്രി കലാകാരന്മാരെ അനുസ്മരിപ്പിക്കും വിധമാണ് ആൽവിൻ അരങ്ങിലെത്തിച്ചത്.
മ്യൂസിക്കൽ മിമിക്രിയിലൂടെയാണ് ഗൗതം കൃഷ്ണ അജിൽ ശബ്ദാനുകരണത്തിലെ വ്യത്യസ്തത വേദിയിൽ എത്തിച്ച് കാണികളെ അമ്പരപ്പിച്ചത്. മലയാള‑തമിഴ് സൂപ്പർഹിറ്റ് സിനിമകളിലെ വ്യഖ്യാതമായ ബാക്ക് ഗ്രൗണ്ട് സ്കോറാണ് ഈ മിടുക്കൻ അവതരിപ്പിച്ചത്. ആട് സിനിമയിലെ പശ്ചാത്തല സംഗീതം തുടങ്ങി സൂപ്പർഹിറ്റ് തമിഴ് സിനിമയായ വിക്രം വേദയിലെ സംഗീതം വരെ അനായാസമായി ഗൗതം വേദിയിൽ എത്തിച്ചു. ഇടുക്കി ജില്ലയിലെ മുതലക്കുടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഗൗതം. ഇതടക്കം വേദിയെ ഇളക്കി മറിച്ച നിരവദി പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചാണ് ഹയർ സെക്കന്ററി വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരം നടന്നത്. ഇതേ വിഭാഗത്തിൽ പെൺകുട്ടികളുടെ മത്സരവും നിലവാരം കുറയാതെ കാത്തതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. സിനിമാതാരങ്ങളുടെ ശബ്ദാനുകരണത്തിലൂടെ നടിമാരുടെ അടക്കം ശബ്ദമാണ് പെൺകുട്ടികളും മിമിക്രിയിൽ കാഴ്ച വെച്ചത്. ആൺകുട്ടികളിൽ ആകെ മത്സരിച്ച 14 പേരിൽ 10 പേരും എ ഗ്രേഡുമായിട്ടാണ് വേദി വിട്ടത്. പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ ആകെ 15 പേരാണ് മാറ്റുരച്ചത്. അതിൽ 12 പേരും എ ഗ്രേഡുമായി കളം വിട്ടു. സിനിമാതാരങ്ങളായ സാജു കൊടിയൻ, ദേവി ചന്ദന ഉൾപ്പെടെയുള്ളവരായിരുന്നു വിധികർത്താക്കൾ. 

Exit mobile version