Site icon Janayugom Online

കൃഷിമന്ത്രി നിര്‍ദേശിച്ചു; ഗോത്ര കര്‍ഷകയ്ക്ക്‌ ദേശീയ അവാര്‍ഡ്‌

വിതുര മണിതൂക്കി ഗോത്രവര്‍ഗ കോളനിയിലെ കര്‍ഷകയ്ക്ക് ദേശീയ അവാര്‍ഡ്. കേന്ദ്രസര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിട്ടി ഏര്‍പ്പെടുത്തിയ 2020- 21 ലെ ദേശീയ അവാര്‍ഡായ ലെ പ്ലാന്റ് ജെനോം സാവിയോര്‍ ഫാര്‍മേഴ്സ് അംഗീകാരമാണ് വിതുര കോളനിയിലെ പടിഞ്ഞാറ്റിന്‍കര കുന്നുംപുറത്ത്‌ വീട്ടില്‍ പരപ്പിക്ക് ലഭിച്ചത്. മക്കള്‍ തൂക്കി എന്ന പ്രത്യേക ഇനം പൈനാപ്പിള്‍ സംരക്ഷിച്ചു വളര്‍ത്തിയതിനാണ്‌ അവാര്‍ഡ്‌. 1.50 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ്‌ അവാര്‍ഡ്‌. സെപ്‌റ്റംബര്‍ 12 ന്‌ ന്യൂഡല്‍ഹിയില്‍ വച്ച്‌ അവാര്‍ഡ്‌ സമ്മാനിക്കും. കൃഷിമന്ത്രി പി പ്രസാദിന്റെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. കൃഷിമന്ത്രി ഔദ്യോഗിക വസതിയിലേക്ക്‌ താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവും പൈനാപ്പിള്‍ സമ്മാനിച്ചിരുന്നു. 

സാധാരണ പൈനാപ്പിളുകളില്‍ നിന്നും വ്യത്യസ്‌തമായി മക്കള്‍ തൂക്കി എന്നറിയപ്പെടുന്ന ഈ ഇനം, ചുവടുഭാഗത്ത്‌ വൃത്താകാരത്തില്‍ അടുക്കിവച്ചിരിക്കുന്ന നാലോ അഞ്ചോ ചക്കകളുണ്ടാകും. അതിനു മുകളിലായി നീണ്ടുകൂര്‍ത്ത അഗ്രവുമായി അമ്മചക്കയുമുണ്ടാകും. തലയില്‍ കൂമ്പിനുപകരം കുന്തം പോലെ തള്ളി നില്‍ക്കുന്ന അറ്റമുള്ളതുകൊണ്ടു കൂന്താണി എന്ന വിളിപ്പേരുമുണ്ട്‌. വനംവകുപ്പില്‍ ഫോറസ്റ്ററായ ഗംഗാധരന്‍ കാണിയുടെ മാതാവാണ്‌ പരപ്പി. പരപ്പിയെയും കുടുംബത്തെയും പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആശാ എസ് കുമാറും സംഘവും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച്‌ അനുമോദനങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: The Min­is­ter of Agri­cul­ture sug­gest­ed; Nation­al Award for Trib­al Farmer

You may also like this video

Exit mobile version