പറവൂർ മാല്യങ്കരയിൽ ആത്മഹത്യ ചെയ്ത സജീവൻ ഭൂമി തരം മാറ്റലിന് സമർപ്പിച്ചിരുന്ന അപേക്ഷയിൽ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കാരണക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മരിച്ച സജീവന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഇങ്ങനെയൊരു കാര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകൻ എറണാകുളം കളക്ടറേറ്റിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. സർക്കാർ മുൻവിധിയോടെയല്ല ഇക്കാര്യങ്ങളെ സമീപിക്കുന്നത്. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും.
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തും. ലൈഫ് പദ്ധതികളുമായി ബന്ധപ്പെട്ട് ഉൾപ്പെടെ വളരെ കുറഞ്ഞ ഭൂമിയുള്ളവർക്കു മുൻഗണന നൽകുന്ന തരത്തിലാണ് മാറ്റം വരുത്തുന്നത്.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ ഇടപെടലിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. തെറ്റായ ഇടപെടൽ നടത്താൻ സർക്കാർ സമ്മതിക്കില്ല. അതിന്റെ ഭാഗമായായിട്ടാണ് അടുത്തിടെ ഫോർട്ട് കൊച്ചി ആർഡി ഓഫീസിലെ 23 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. മുൻ എംഎൽഎ പി രാജു, മുൻ മന്ത്രി എസ് ശർമ ഉൾപ്പെടെ വിവിധ ജനപ്രതിനിധികൾ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
english summary; The Minister of Revenue visited the family members of Sajeevan
you may also like this video;