Site icon Janayugom Online

കാണാതായ യുവതി ഏഴ് മാസങ്ങള്‍ക്കുശേഷം തിരികെയെത്തിയത് പൊലീസുകാരിയായി

police woman 1

ഉത്തര്‍പ്രദേശില്‍ കാണാതായ യുവതി ഏഴ് മാസങ്ങള്‍ക്കുശേഷം തിരികെയെത്തിയത് പൊലീസുകാരിയായി. നോയിഡ സ്വദേശിയായ പെണ്‍കുട്ടിയാണ് വീട്ടില്‍ നിന്നിറങ്ങി, പൊലീസുകാരിയായി തിരിച്ചെത്തിയത്. പ്രദേശത്തുള്ള ഒരു യുവാവുമായി യുവതിയ്ക്ക് അടുപ്പമുണ്ടെന്നാരോപിച്ച് ഇതിനകം വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. യുവതിയെ കാണാതായെന്നുള്ള പരാതിയില്‍ അന്വേഷണം പുരോഗിക്കുന്നതിനിടെയാണ് സെപ്റ്റംബര്‍ 12ന് യുവതി വീട്ടില്‍ തിരിയെത്തിയത്.

അതേസമയം വീട്ടുകാര്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് വീടുവിട്ടുപോകാന്‍ തീരുമാനിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

എംഎയ്ക്ക് പഠിച്ചുകൊണ്ടിരുന്ന യുവതിയെ ജനുവരി മുതലാണ് കാണാതായത്. തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ ഒരു യുവാവിനെതിരെ വീട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്വന്തമായി ഒരു ജോലി സമ്പാദിച്ചതിനുശേഷം വിവഹം കഴിക്കാമെന്ന തീരുമാനത്തിലായിരുന്നു യുവതി. വീട്ടില്‍ നിന്നിറങ്ങി നേരെ ഡല്‍ഹിയിലെത്തിയ യുവതി തന്റെ പരിചയത്തിലുള്ള ഒരാളുടെ വീട്ടില്‍ തങ്ങി, പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും, പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. പൊലീസ് കോണ്‍സ്റ്റബിളായി നിയമനം ലഭിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങാന്‍ യുവതി തീരുമാനിച്ചത്.

തന്റെ ആഗ്രഹംപോലെ ജോലി ലഭിച്ചു. ഇനി വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് വിവാഹം ചെയ്യാമെന്ന നിലപാടിലാണ് യുവതി. അതിനിടെ കാണാതായെന്ന് പരാതി നല്‍കിയ സ്റ്റേഷനില്‍ യുവതി തിരിച്ചെത്തിയതായി വീട്ടുകാര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാലും യുവതി സ്വമേധയാ വീടുവിട്ടുപോയതിനാലും പരാതിയുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് പൊലീസ്.

 

Eng­lish Sum­ma­ry: The miss­ing woman returned sev­en months lat­er as a policewoman

 

You may like this video also

Exit mobile version