കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ പതിനൊന്നോളം വിദേശ ഫലവൃക്ഷങ്ങളുടെ മാതൃകാ തോട്ടം ഒരുങ്ങുന്നു. ഒരു ഏക്കർ സ്ഥലത്ത് പതിനൊന്നോളം വിദേശ ഇനങ്ങളാണ് വളർന്നു വരുന്നത്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കരിമ്പം ജില്ലാ കൃഷി തോട്ടത്തിൽ വിദേശ ഫലവൃക്ഷങ്ങളുടെ മാതൃകാ തോട്ടം ഒരുക്കുന്നു. പല സ്ഥലങ്ങളിലും ഒരു കൗതുകത്തിന് പല തരത്തിലുള്ള വിദേശ ഫലവൃക്ഷങ്ങൾ നട്ടു വരുന്നുണ്ട്.
എന്നാൽ പ്രാഥമികമായ പരിചരണം മാത്രം നൽകി വളർന്നു വരുന്നതോടെ കേരളത്തിലെ കാലാവസ്ഥയുമായി ഇണങ്ങി സ്വാഭാവികമായി നിലനിൽക്കുകയും മികച്ച വിളവു തരാനും വിദേശ ഫലവൃക്ഷങ്ങൾക്ക് സാധിക്കുന്നതായി മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ ഇത് കർഷകരെ ബോധ്യപ്പെടുത്താനാണ് കൃഷി വകുപ്പ് തന്നെ മുൻകൈയ്യെടുത്ത് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ ഇവയുടെ മാതൃകാ തോട്ടം ഒരുക്കിയത്.
അബിയു, ദുരിയൻ, വെള്ള സപ്പോട്ട, പാക്കിസ്ഥാൻ മൾബറി, റോളീനിയ, മിറാക്കിൾ ഫ്രൂട്ട് തുടങ്ങി 11 ഇനം വിദേശ ഫലവൃക്ഷ തൈകളാണ് മാതൃകാ തോട്ടത്തിൽ വളർന്നു വരുന്നതെന്ന് ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് സ്മിത ഹരിദാസ് പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കരിമ്പം ജില്ലാ കൃഷിത്തോട്ടം സന്ദർശിച്ചപ്പോൾ ചക്കയും മാങ്ങയും ഉൾപ്പെടെ ഇവിടെ സമൃദ്ധമായ ഫലവൃക്ഷങ്ങൾ കണ്ട് ഇവിടെയുള്ളവർക്ക് ഭക്ഷ്യ ക്ഷാമത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചക്കയും മാങ്ങയും ഇന്നും അരങ്ങു വാഴുന്ന തോട്ടത്തിലാണ് വിദേശ ഇനങ്ങളും ചുവടുറപ്പിക്കുന്നത്.
English Summary: The model garden of the Department of Agricultural Development and Agrarian Welfare is being prepared with foreign fruit trees
You may like this video also