Site iconSite icon Janayugom Online

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് മാതാവിന് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം

attackattack

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19 കാരിയായ മാതാവിനെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് മര്‍ദിനത്തിന് ഇരയായത്.

പ്രസവം കഴിഞ്ഞ് 27ാം ദിവസമായിരുന്നു മര്‍ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും പിതാവും മാതാവും ചേര്‍ന്നാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്. കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്ന യുവതിയോട് ഭർത്താവിന്റെ വീട്ടുകാർ വീണ്ടും പാലുകൊടുക്കാന്‍ പറഞ്ഞു. പാലുകൊടുത്തിട്ട് രണ്ടുമണിക്കൂർ പോലും ആയില്ലെന്ന് യുവതി പറഞ്ഞപ്പോഴേക്കും ഭർത്താവ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. തുടര്‍ന്ന് ഭർത്താവിന്റെ അച്ഛനും അമ്മയും സഹോദരനും മർദിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ഈരോപണം. ആരോപണങ്ങൾ ഭർത്താവ് മഹേഷ് ആദ്യം നിഷേധിച്ചെങ്കിലും താൻ ഭാര്യയെ മർദിച്ചുവെന്ന് പിന്നീട് സമ്മതിച്ചു. 

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഭാര്യ തന്റെ പേര് വിളിച്ചത് വീട്ടുകാർക്ക് ഇഷ്ടമായില്ല, അമ്മയെ അലീന ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ പ്രശ്നങ്ങള്‍ മർദനത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് മഹേഷ് പറയുന്നത്. മർദനത്തിൽ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ അലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭത്തെപ്പറ്റി അന്വേഷിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വിഷയം സർക്കാർ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദുവും പ്രതികരിച്ചു.

Exit mobile version