സർവകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാൻ രാഷ്ട്രീയലാക്കോടെ നടത്തുന്ന നീക്കങ്ങളെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവ. വനിതാ കോളജിൽ നടന്ന നാലുവർഷ ബിരുദ പ്രോഗ്രാമിന്റെയും സംസ്ഥാനതല വിജ്ഞാനോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനും നാട്ടുകാർക്കും ഉപയോഗപ്പെടുന്ന വിധത്തിൽ സർവകലാശാലകൾ നിലനിൽക്കണമെങ്കിൽ അവയുടെ സ്വയംഭരണം സംരക്ഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും വേണം. അതിന് ഉതകുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. എന്നാൽ, സർവകലാശാലകളെ ക്ഷയിപ്പിക്കാൻ നടക്കുന്ന നീക്കങ്ങൾ ചെറുക്കാനുള്ള ഉത്തരവാദിത്തം ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്. ഉല്പാദിപ്പിക്കപ്പെടുന്ന അറിവുകൾ അക്കാദമിക സമൂഹത്തിൽ മാത്രമായി ഒതുക്കിനിർത്താതെ അവയുടെ ജനാധിപത്യവൽക്കരണം സാധ്യമാക്കാനാകണം. അങ്ങനെ വിജ്ഞാനസമൂഹമായി പരിവർത്തനപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയാണ് നാലുവർഷ ബിരുദം. ജ്ഞാനോല്പാദനത്തിനും നൈപുണിക്കും ഒരുപോലെ പ്രാമുഖ്യം നൽകുന്ന ദ്വിമുഖ സമീപനം സ്വീകരിച്ച് അതിനനുസൃതമായ രീതിയിൽ നിലവിലെ പ്രോഗ്രാമുകളെയും കോഴ്സുകളെയും മാറ്റിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തത്തിന്റെ നിർവഹണമാണ് നാലുവർഷ ബിരുദമടക്കമുള്ള പരിഷ്കരണങ്ങളിലൂടെ നടത്തുന്നത്. ഗുണമേന്മയുള്ള പഠനവും പഠനരീതികളും അവലംബിച്ച് ഗവേഷണം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും നവീനമായ അധ്യാപനരീതിയിലൂടെ വിദ്യാർത്ഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ബിരുദ കരിക്കുലം തയ്യാറാക്കിയത്. വിദ്യാർത്ഥികളെ ഒരേ അച്ചിൽ വാർത്തെടുക്കാതെ അവരുടെ താല്പര്യങ്ങൾക്കും അഭിരുചികൾക്കും അനുസൃതമായ രീതിയിൽ കരിയറും കരിക്കുലവും സ്വയം ഡിസൈൻ ചെയ്യാമെന്ന സവിശേഷതയുമുണ്ട്. നിലവിലെ മാറ്റങ്ങൾ അധ്യാപനം, പഠനം, മൂല്യനിർണയ രീതികളിലാണെങ്കിൽ അടുത്തഘട്ടത്തിൽ നിലവിലുള്ള പ്രോഗ്രാമുകളുടെ പുനഃക്രമീകരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദത്തിന്റെ വിദ്യാർത്ഥികൾക്കുള്ള കൈപ്പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. മേയർ ആര്യാ രാജേന്ദ്രൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കൊളീജിയറ്റ് എജ്യൂക്കേഷൻ ഡയറക്ടർ കെ സുധീർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസ്, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഗവ. വിമൻസ് കോളജ് പ്രിൻസിപ്പൽ ഡോ. വി കെ അനുരാധ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ മുഴുവൻ കാമ്പസുകളിലും, സർവകലാശാല കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെയാണ് നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിച്ചത്.
English Summary: The move to destroy universities should be resisted: Chief Minister
You may also like this video