‘ആക്ഷൻ ഹീറോ ബിജു-2’ എന്ന ചിത്രത്തിന്റെ അവകാശം വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വന്തമാക്കിയെന്ന പരാതിയിൽ നിർമാതാവ് പി എ ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രത്തിന്റെ നിർമാതാവും നായകനുമായ നിവിൻ പോളിയുടെ പരാതിയെ തുടർന്നാണ് നടപടി. 2023ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാർ പ്രകാരം ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും നിവിന്റെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാൽ, ഈ വിവരം മറച്ചുവെച്ച് ഷംനാസ് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിന്റെ പേരിന് മേലുള്ള അവകാശം സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളിയുടെ വ്യാജ ഒപ്പുള്ള രേഖകൾ ഷംനാസ് ഹാജരാക്കിയെന്നാണ്
നടൻറെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിവിൻ പോളിയുടെ മൊഴി രേഖപ്പെടുത്തി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഷംനാസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമയുടെ അവകാശം വ്യാജ ഒപ്പിട്ട് സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയില്‍ നിർമാതാവിനെതിരെ കേസ്

