പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന് തുടങ്ങും. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ അഞ്ച് ദിവസം തങ്ങിയാണ് കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുക. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, ആന്റി റാഗിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും.
ബന്ധപ്പെട്ടവരുടെ സാന്നിധ്യം കാമ്പസില്‍ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശിന്റെ പരാതിയിലാണ് കമ്മീഷന്‍ കേസെടുത്തത്. സിദ്ധാര്‍ഥന്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളാണ് കമ്മീഷന്‍ പരിശോധിക്കുക.
സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്. ഇന്നലെ കാമ്പസിലെത്തിയ സിബിഐ സംഘം സിദ്ധാര്‍ഥന്‍ പീഡനത്തിനു ഇരയായ ഹോസ്റ്റല്‍ നടുമുറ്റം, മുറികള്‍, കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ട ശുചിമുറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മൊഴി നല്‍കുന്നതിന് നാളെ വൈത്തിരിയിലെ ക്യാമ്പ് ഹൗസില്‍ ഹാജരാകാന്‍ സിദ്ധാര്‍ഥന്റെ പിതാവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഐ ഡല്‍ഹി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം വയനാട് ജില്ലാ പോലീസ് മേധാവി, കല്‍പ്പറ്റ ഡിവൈഎസ്പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം അടുത്തമാസം തുടങ്ങും.
English Summary: The National Human Rights Commission will start taking evidence in Siddharth’s death today
You may also like this video