നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം നടക്കും. എന്‍ടിബിആര്‍ സൊസൈറ്റി യോഗം ചേര്‍ന്ന് തീയതി തീരുമാനിക്കുമെന്നും പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷവും ചാമ്പ്യന്‍സ് ബോട്ട് ലീഗും മാറ്റിവെച്ച സാഹചര്യത്തില്‍ പിന്നീട് തീയതി ആലോചിക്കും എന്ന നിലപാട് മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വള്ളംകളി നടത്തുന്നതിനുവേണ്ടി ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എംഎല്‍എമാര്‍ എന്ന നിലയില്‍ ഞാനും എച്ച് സലാമും തോമസ് കെ തോമസും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും അതിന്റെഅടിസ്ഥാനത്തില്‍ വള്ളംകളി ഓണത്തിന് ശേഷം ആലോചിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുള്ളതുമാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി വള്ളംകളി വിഷയത്തെ ഉയര്‍ത്തി മുതലെടുപ്പ് നടത്തുവാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണ്.
നെഹ്റു ട്രോഫിയുടെ വള്ളംകളി മത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയിട്ടുള്ളത് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരും തുടര്‍ന്നുവന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരും തന്നെയാണ്. ഇതിന് പുറമേ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വള്ളംകളി തുഴച്ചിലുകാരുടെ ക്ഷേമത്തിനുമായി സംസ്ഥാനത്തുടനീളം നടത്തിവരുന്ന വിവിധ മത്സര വള്ളംകളികളെ കോര്‍ത്തിണക്കി ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്ന ആശയം മുന്നോട്ട് വെച്ചതും അത് വിജയകരമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ വള്ളംകളി പ്രേമികളില്‍ ആശങ്ക ഉണ്ടാക്കാനും തെറ്റിദ്ധാരണ പരത്തുവാനും വേണ്ടിയാണ് ചിലര്‍ ശ്രമിക്കുന്നത്. ആലപ്പുഴയുടെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ അകമഴിഞ്ഞ സഹായവും പിന്തുണയുമാണ് നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.