കാസർകോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ അനക്സ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് നിലകളിലായി 4.3 കോടി രൂപയിൽ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് നാളെ മുതൽ ജില്ലാ പഞ്ചായത്ത് ഭരണ സംവിധാനങ്ങളുടെ പ്രവർത്തനം മാറും. നിലവിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പിലായാണ് പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത മനോഹരമായ അമ്മയും കുഞ്ഞും ശിൽപവും ഒരുങ്ങുന്നുണ്ട്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിൽ നിർമിച്ച കെട്ടിടം തിരുവനന്തപുരം ഹാബിറ്റാറ്റ് ഗ്രൂപ്പ് പ്രശസ്തആർക്കിടെക്ട് പത്മശ്രീ ഡോ. ജി ശങ്കറിന്റെ മേൽനോട്ടത്തിലാണ് പുതിയ കെട്ടിടം ഒരുക്കിയത്.
അഞ്ചുകോടി മൂന്നുലക്ഷം ചെലവിട്ട് 14,795 ചരുരശ്ര അടി വ്സതീർണത്തിലാണ് ഓഫീസ്. ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന വീഡിയോ കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, എന്നിവരുടെ ഓഫീസും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കായി പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം മീഡിയ കോൺഫറൻസ് ഹാൾ, ബോർഡ്മീറ്റിംഗ് ഹാൾ, സന്ദർശക മുറി, ഫയർ മുറി എന്നിവയും പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യത്തിന് ശുചീകരണ മുറികളും ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഓഫീസുകൾ പഴയ കെട്ടിടത്തിൽ തന്നെ തുടരും. പഴയ കെട്ടിടവും പുതിയ കെട്ടിടവുമായി ബന്ധപ്പെടുത്തി പ്രത്യേക പാസേജും നിർമ്മിക്കും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകും. പത്മശ്രീ ജി ശങ്കർ, ശിൽപി കാനായി കുഞ്ഞിരാമൻ എന്നിവരെ മുഖ്യമന്ത്രി ആദരിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സാംബശിവ റാവു എന്നിവരും പങ്കെടുക്കും.
എസ്എൻ സർവകലാശാലയിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ഡിഗ്രി പാസായവർക്കും പ്ലസ്ടു തുല്യതാ പരീക്ഷ ജയിച്ചവർക്കും സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടാകും.
കുടുംബശ്രീയുടെ കാൽനൂറ്റാണ്ട് എന്ന വിഷയത്തിൽ സെമിനാർ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. എസ് എൻ സരിത, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്‌മാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി, ഫിനാൻസ് ഓഫീസർ എം എസ് ശബരീഷ് എന്നിവർ പങ്കെടുത്തു.

