Site iconSite icon Janayugom Online

യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹമായി പുതുതലമുറ മാറണം: കാനം

kanamkanam

യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹമായി മാറാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിദ്യാഭ്യാസത്തിലും ചിന്തയിലും യുക്തിചിന്തയും ശാസ്ത്രബോധവും ഇല്ലാതായിരിക്കുകയാണ്. അന്തവിശ്വാസത്തിലും അനാചാരത്തിലും പുതുതലമുറ വീണുപോകാതിരിക്കാന്‍ യുക്തിചിന്തയും ശാസ്ത്രബോധവുള്ള ഒരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയണം. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമാണ് ഭക്ഷ്യസബ്സിഡി. അതില്ലാതാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമാണ് ഇത്തരം ആശ്വാസ നടപടികള്‍ അവസാനിപ്പിക്കണമെന്നത്. 

പാവപ്പെട്ടവരെ സഹായിക്കാനുള്ള സര്‍ക്കാര്‍ മൂലധനം കമ്പോളത്തില്‍ നിക്ഷേപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അവിടെ മത്സരിച്ച് ജീവിക്കട്ടേയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം. ഇത് കോര്‍പറേറ്റ് മുതലാളിത്വത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിലൂടെ ജനകീയ അഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഇതിനായി വന്‍ നെറ്റ്‌വര്‍ക്കാണ് ബിജെപി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായിരുന്നു. മന്ത്രി കെ രാജന്‍, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആര്‍ ഗോപിനാഥന്‍, കെ ജി രതീഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം ഡി സജി, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ആര്‍ ജയന്‍, ജില്ലാ സെക്രട്ടറി എസ് അഖില്‍, ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.

Eng­lish Summary;The new gen­er­a­tion should become a ratio­nal and sci­en­tif­ic soci­ety: Kanam
You may also like this video

Exit mobile version