Site iconSite icon Janayugom Online

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇല്ല

രാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയുമില്ലാതെ ഭരണഘടനയെ മറികടന്ന് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. അതുവഴി ജനാധിപത്യത്തിന്റെ മഹനീയത ചവിട്ടിമെതിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ മഹനീയ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് സിപിഐ അടക്കം 22 പ്രതിപക്ഷ പാർട്ടികളുടെ അസാന്നിധ്യത്തിലാണ് നടന്നത്. 

ഹിന്ദുമതാചാരങ്ങളായ ഹോമത്തോടും പൂജയോടും കൂടിയാണ് മതേതര രാജ്യത്തിന്റെ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ക്ഷേത്രാചാരങ്ങളും കീര്‍ത്തനങ്ങളും വേദങ്ങളും മുഴങ്ങിയ ചടങ്ങ് ഒരു മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്നുള്ള ചില്ലുകൂട്ടില്‍ പ്രധാനമന്ത്രി രാജവാഴ്ചയുടെയും കോളനി മേധാവിത്തത്തിന്റെയും അവശിഷ്ടമായ ചെങ്കോല്‍ സ്ഥാപിച്ചു. തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളില്‍ നിന്നുള്ള അര്‍ധ വസ്ത്രരായ ഹൈന്ദവ പുരോഹിതന്മാര്‍ കെെമാറിയ ചെങ്കോലാണ് പ്രധാനമന്ത്രി സ്ഥാപിച്ചത്. ജനാധിപത്യവും മതേതരത്വവും ഭരണഘടനാ തത്വങ്ങളും നോക്കുകുത്തിയാവുകയും സവര്‍ണഹിന്ദുത്വ ബോധ്യങ്ങള്‍ ആണിയടിച്ച് ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ ഓരോ ഇനങ്ങളും.
പിന്നീട് നടന്ന സർവമത പ്രാർത്ഥനയില്‍ ബുദ്ധ, ജൈന, ക്രൈസ്തവ, ഇസ്ലാം, സിഖ്, ജൂത, സൗരാഷ്ട്രിയന്‍, ബഹായി തുടങ്ങിയ മതങ്ങളിലെ പുരോഹിതരെയും ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് പുതിയ പാര്‍ലമെന്റെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ട് പോകുമെന്നും മോഡി പറഞ്ഞു. പ്രത്യേക സ്മരണിക തപാല്‍ സ്റ്റാമ്പും 75 രൂപ നാണയവും മോഡി പ്രകാശനം ചെയ്തു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. 2020ൽ ആരംഭിച്ച നിർമ്മാണം 899 ദിവസങ്ങളെടുത്താണ് പൂർത്തീകരിച്ചത്. നാല് നിലകളിലായി 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് 12,000 കോടിയാണ് ചെലവ്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്‌സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പരമോന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത് അനൗചിത്യവും അവഹേളനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. 

eng­lish summary;The new Par­lia­ment build­ing was ded­i­cat­ed to the nation

you may also like this video;

Exit mobile version