Site iconSite icon Janayugom Online

ചീങ്കണ്ണിയെ കണ്ടെന്ന വാർത്ത ഭീതി പരന്നു

വീട്ടമ്മ ചീങ്കണ്ണിയെ കണ്ടുവെന്ന് പറഞ്ഞതോടെ നാട്ടിൽ ഭീതിപരന്നു. സംഭവം പിന്നീട് ഗൗരവമായതോടെ അർത്തുങ്കൽ പൊലീസ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട കരിപ്പേൽച്ചാൽ പ്രദേശത്താണ് ഞായറാഴ്ച ഉച്ചയോടെ സമീപത്തെ വീട്ടിൽ താമസിക്കുന്ന പുതുവൽ നികർത്തിൽ പ്രസന്നയാണ്ചീങ്കണ്ണിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് കണ്ടത്. വാർഡ് മെമ്പർ രാജഗോപാൽ അർത്തുങ്കൽ പൊലീസിൽ അറിയിച്ചതോടെ തിരച്ചിൽ നടത്തിയെങ്കിലും ചീങ്കണ്ണി ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചീങ്കണ്ണി എത്താനുള്ള സാഹചര്യമില്ലാത്തതിനാൽ ഉടുമ്പിനെയാകും പ്രസന്ന കണ്ടതെന്ന നിഗമനത്തിലാണ് പൊലീസ്. 

ചീങ്കണ്ണിയാണോ, ഉടുമ്പിനെയാണോ പ്രസന്ന വ്യക്തമായി കാണാത്ത സാഹചര്യത്തിൽ പൊലീസ് പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയതോടെയാണ് ഗ്രാമം ഭീതിയിലായത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ചീങ്കണ്ണിയെ കണ്ടിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നത് ഭീതിയുടെ ആഴം കൂട്ടുന്നുണ്ട്. കരിപ്പേൽ ചാൽ അറബിക്കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചാലാണ്. ചാലിലും മറ്റ്പ്രദേശത്തും കുറ്റിക്കാടു പിടിച്ചു കിടക്കുന്നതിനാൽ ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ തിരച്ചിൽ നടത്താനും ബുദ്ധിമുട്ട് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ചാലിന് സമീപം നിൽക്കുന്ന മരത്തിന് ചുവട്ടിൽ സ്ഥിരമായി ചീങ്കണ്ണി വന്നു പോകുന്ന പാടും കൂടും പ്രസന്ന പൊലീസിന് കാട്ടി കൊടുത്തിട്ടുണ്ട്. വർഷങ്ങളായി തൊഴിലുറപ്പ് ജോലിയ്ക്ക് പോകുന്ന പ്രസന്ന ഉടുമ്പുകളെ സ്ഥിരമായി കാണാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കണ്ടെത് ചീങ്കണ്ണീയാണെന്ന് പ്രസന്ന തറപ്പിച്ചു തന്നെ പറയുന്നു.

Exit mobile version