ചുനക്കര ഗ്രാമപഞ്ചായത്ത് ഹരിത കർമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ച 50,000 തിരിച്ചടപ്പിച്ചുവെന്ന വാർത്തകളും പ്രചാരണവും അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാറും ഹരിതകർമസേന ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഹരിത കർമസേനയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചു കൊണ്ടുള്ള 50,000 രൂപയുടെ ചെക്കാണ് തിരുവനന്തപുരത്തെത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക് കൈമാറിയത്. ഹരിത കർമ്മസേന പ്രസിഡന്റ് ശ്രീലത, സെക്രട്ടറി പ്രിയ, ചാർജ്ജ് ഓഫീസറായ വിഇഒ ബൈജു എന്നിവരാണ് ചെക്ക് കൈമാറിയത്. ഇത് തന്നെയൊ സെക്രട്ടറിയെയോ അറിയിച്ചിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. കർമ്മസേന കൺസോർഷ്യം കമ്മിറ്റി കൂടാതെയാണ് തുക പിൻവലിച്ചതെന്ന് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകാൻ ഹരിത കർമ്മ സേന ഭാരവാഹികൾക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. 30,000 രൂപ 30 ഹരിത കർമ്മ സേനാംഗങ്ങിൽ നിന്നും 20,000 രൂപ കൺസോർഷ്യം ഫണ്ടിൽ നിന്നുമെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു ധാരണ.
എന്നാൽ കഴിഞ്ഞ മാസം 13 ന് രാവിലെ വിഇഒ ബൈജു തങ്ങളെ ഫോണിൽ വിളിച്ച് ഇന്നുതന്നെ തുക മന്ത്രിക്ക് കൈമാറാൻ തിരുവനന്തപുരത്തേക്ക് പോകണമെന്നും ചെക്കുബുക്കുകൂടി കൊണ്ടു വരണമെന്ന് അറിയിക്കുകയും, തിരുവനന്തപുരത്തെത്തിയ ശേഷം വിഇഒ തന്നെ ചെക്ക് എഴുതിയാണ് മന്ത്രിയ്ക്ക് കൈമാറിയതെന്നും ഹരിത കർമ്മ സേന ഭാരവാഹികൾ പറഞ്ഞു. ചെക്ക് നൽകുന്ന കാര്യം കൺസോർഷ്യം കമ്മിറ്റിയെയോ പഞ്ചായത്ത് അധികൃതരെയോ മുൻ കൂട്ടി അറിയിച്ചിയിരിന്നില്ല. വിഇഒ തന്നെ വിവരം അറിയിച്ചുകൊള്ളാമെന്നാണ് പറഞ്ഞിരുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ലഭിച്ചപ്പോൾ തന്നെ കൺസോർഷ്യം കമ്മിറ്റിയറിയാതെ നൽകിയ ചെക്കിലെ തുക ഭാരവാഹികൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിന്നീട് അംഗങ്ങളിൽ നിന്ന് 1000 രൂപ വീതം 30,000 രൂപ സ്വരൂപിക്കുകയും ചെയ്തു. കൺസോർഷ്യം കമ്മിറ്റി യോഗം ചേർന്ന് 20,000 രൂപ അക്കൗണ്ടിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അനിൽകുമാർ പറഞ്ഞു.
വസ്തുത ഇതായിരിക്കെയാണ് അപകീർത്തിപ്പെടുത്തുംവിധം ചില മാധ്യമങ്ങളിൽ വാർത്തകർ വരുന്നത്. ഇതിനെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും വിഷയത്തിൽ വിഇഒയുടെ ഭാഗത്തു നിന്നുണ്ടായ നടപടികളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ തീരുമാന പ്രകാരമുള്ള 5 ലക്ഷം രൂപയുടെ ചെക്ക് എംഎൽഎയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ ഷിബി, അസിസ്റ്റന്റ് സെക്രട്ടറി രേണു, ഹരിത കർമ്മ സേന പ്രസിഡന്റ് ശ്രീലത, സെക്രട്ടറി എന്നിവരും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.