Site iconSite icon Janayugom Online

പട്ടിണിരഹിത ഇന്ത്യ; ലക്ഷ്യം കൈവരിക്കില്ല

2030 ഓടെ രാജ്യം പട്ടിണിരഹിതമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം നടക്കില്ലെന്ന് നിതി ആയോഗ് സമിതിയംഗം. പട്ടിണി തുടച്ച് നീക്കാന്‍ യത്നിക്കുന്ന സര്‍ക്കാര്‍ നടപടി രൂക്ഷമായ വിലക്കയറ്റം കാരണം താളം തെറ്റുമെന്ന് നിതി ആയോഗ് സമിതിയംഗം രമേഷ് ചന്ദ് പറഞ്ഞു. പ്രതിശീര്‍ഷ ഭക്ഷ്യോല്പാദനത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും, പോഷകാഹാരക്കുറവും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റവും കാരണം പട്ടിണിരഹിത ഇന്ത്യയെന്ന സ്വപ്നം ഫലപ്രാപ്തിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷ്യധാന്യങ്ങളുടെ വാര്‍ഷിക ഉല്പാദനത്തില്‍ രണ്ട് ശതമാനം വളര്‍ച്ച കൈവരിക്കാത്ത പക്ഷം ജനസംഖ്യ ഏറിവരുന്ന രാജ്യത്ത് പട്ടിണി കുതിച്ചുയരും.

ആഭ്യന്തര ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനസംഖ്യ കൂടി പെരുകുന്നത് പട്ടിണിരഹിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിലങ്ങുതടിയായി മാറും. മറ്റ് ഉല്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടു ശതാബ്ദത്തിനിടെ കാര്‍ഷികോല്പന്നങ്ങളുടെ വിലക്കയറ്റം 26 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രശ്നങ്ങള്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം വര്‍ധിപ്പിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യത്ത് പ്രതിശീര്‍ഷ ഭക്ഷ്യോല്പാദനത്തില്‍ ഉണ്ടായ കുറവ് കാരണം പോഷകാഹാരക്കുറവ് രൂക്ഷമായ തോതില്‍ ഉയര്‍ന്നു. ബ്രിക്സ് അംഗ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പോഷകാഹാരക്കുറവ് രണ്ട് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിച്ചു.

2015 ലെ ലോകബാങ്ക് റിപ്പോര്‍ട്ടും ഇതിനെ സാധുകരിക്കുന്നുണ്ട്. 2021ലെ ഐക്യരാഷ്ട്ര സമിതിയുടെ റിപ്പോര്‍ട്ടും ഇതേ സൂചന നല്‍കിയിരുന്നു. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പട്ടിണിയുടെ തോത് ഗണ്യമായി ഉയരുന്നതായി രേഖകള്‍ പറയുന്നുണ്ട്. 125 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയില്‍ 111 റാങ്കിലുള്ള ഇന്ത്യയുടെ നില പരിതാപകരമാണ്. രാജ്യത്ത് വര്‍ഷത്തില്‍ ഒരുശതമാനം ജനസംഖ്യ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ആനുപാതികമായി ഭക്ഷ്യോല്പാദനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. ജനസംഖ്യ വര്‍ധിക്കുന്നതും പ്രകൃതി ചൂഷണം വര്‍ധിച്ചതും ആഗോള കാലാവസ്ഥാ മാറ്റവും കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ക്രിയത്മാകമായ പ്രവര്‍ത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: The NITI Aayog Com­mit­tee has said that Prime Min­is­ter Naren­dra Mod­i’s promise that the coun­try will be hunger-free will not be fulfilled
You may also like this video

Exit mobile version