ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ക്രിമിനല്‍ കേസുകളുള്ളവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യാവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് വിജയിച്ച 49 എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലുമായി 170 എംഎല്‍എമാരെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 34 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണുള്ളത്. 2017 ല്‍ 33 എംഎല്‍എമാരാണ് ക്രിമിനല്‍ കുറ്റം നേരിട്ടിരുന്നത്. 22 നിയമസഭാംഗങ്ങള്‍ക്കെതിരെ ഗുരുതരമായ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 170 എംഎല്‍എമാരില്‍ 85 ശതമാനത്തോളം വരുന്ന 145 പേര്‍ കോടിപതികളാണെന്ന് അവരുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 2017ല്‍ 123 എംഎല്‍എമാരായിരുന്നു കോടിപതികള്‍.
ഉത്തരാഖണ്ഡിലെ 70 എംഎല്‍എമാരില്‍ 27 ശതമാനത്തോളം വരുന്ന 19 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. ഇതില്‍ പത്തുപേര്‍ക്കെതിരെ ഗുരുതര കേസുകളാണ് ചുമത്തിയിരിക്കുന്നത്. 10 എംഎല്‍എമാര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളടക്കം 22 പേര്‍ക്കെതിരെയാണ് 2017ല്‍ ക്രിമിനല്‍ കേസുകളുണ്ടായിരുന്നത്. 58 പേര്‍ കോടിപതികളാണ്. 2017ല്‍ ഇത് 51 ആയിരുന്നു. എട്ട് വനിതാ എംഎല്‍എമാരാണ് ഇക്കുറിയുള്ളത്. കഴിഞ്ഞതവണയിത് അഞ്ച് ആയിരുന്നു.
ഗോവ നിയമസഭയിലെ 40 എംഎല്‍എമാരില്‍ 16 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. 13 പേര്‍ക്കെതിരെ ഗുരുതര കേസുകളാണുള്ളത്. 2017ലേതിനേക്കാള്‍ വര്‍ധനവാണിത്. ഗോവയിലെ രണ്ട് എംഎല്‍എമാര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്കെതിരെ പീഡനക്കുറ്റമാണുള്ളത് (ഐപിസി 376). തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഒരാള്‍ ഒഴികെ എല്ലാവരും കോടിപതികളാണ്. 2017ല്‍ രണ്ട് വനിത എംഎല്‍എമാരും ഇക്കുറി മൂന്ന് എംഎല്‍എമാരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
60 അംഗ മണിപ്പുര്‍ നിയമസഭയില്‍ 14 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇതില്‍ 11 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017ല്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുണ്ടായിരുന്നത്. ഇതുരണ്ടും ഗുരുതരമായ കേസുകളായിരുന്നു. 2017ല്‍ 32 പേരായിരുന്നു കോടിപതികള്‍. എന്നാല്‍ നിലവിലത് 48 ആണ്. അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ രണ്ട് വനിതകള്‍ മാത്രമാണ് വിജയിച്ചിരുന്നത്.
English summary; The number of MLAs with criminal cases has increased in Goa, Manipur and uttarakhand
You may also like this video;