Site icon Janayugom Online

സംസ്ഥാനത്ത് പൊലീസ് കേസുകളുടെ എണ്ണം കുറഞ്ഞു

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ചാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം 4,54,782 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 2,37,394 കേസുകൾ ഐപിസി പ്രകാരം ഉള്ളവയാണ്. 2,17,388 സ്പെഷ്യൽ ആന്റ് ലോക്കൽ ലോ കേസുകളും ഉൾപ്പെടുന്നു. കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ഐപിസി പ്രകാരമുള്ള കേസുകളുടെ എണ്ണത്തിലെ വർധന ഏറെ ആശങ്കപ്പെടുത്തുന്നതാണ്. 

കഴിഞ്ഞ ആറ് വർഷത്തെ കണക്കെടുത്താൽ 2019ലാണ് കേസുകൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്; 4,53,083. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതാവട്ടെ 2016ലാണ്. എഴുപതിനായിരത്തിലേറെ കേസുകളാണ് ഈ കാലയളവിലുള്ളത്. 7,07,870 കേസുകളായിരുന്നു അന്നുണ്ടായിരുന്നതെങ്കിൽ തുടർന്നുള്ള മൂന്നുവർഷം ഇത് ക്രമേണ കുറ‍ഞ്ഞുവരികയായിരുന്നു. 2019ന് ശേഷം രണ്ട് വർഷം ചെറിയ രീതിയിലെങ്കിലും കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായി. എങ്കിലും 2022ൽ ഇക്കാര്യത്തിൽ സാരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 2021ൽ 5,24,960 കേസുകൾ രജിസ്റ്റർ ചെയ്തിടത്തുനിന്നാണ് 4,54,782 എന്ന രീതിയിലേക്കാണ് കുറവ് വന്നിരിക്കുന്നത്. 

എന്നാൽ കഴിഞ്ഞ കാലങ്ങളിൽ സ്പെഷ്യൽ ആന്റ് ലോക്കൽ ലോ പ്രകാരമുള്ള കേസുകളുടെ എണ്ണത്തിലായിരുന്നു വർധനയെങ്കിൽ കഴിഞ്ഞ വർഷം ഐപിസി പ്രകാരമുള്ള കുറ്റകൃത്യങ്ങളിലാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. മോഷണം, ബലാത്സംഗ കേസുകൾ മൂവായിരത്തോളം വരും. 319 കൊലപാതകങ്ങളും സ്ത്രീധന പീഡന മരണം എട്ടെണ്ണവും കണക്കുകളിലുണ്ട്. 

Eng­lish Summary;The num­ber of police cas­es has decreased in the state
You may also like this video

Exit mobile version