വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തികൊന്നു. പിന്നാലെ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിനിയായ 30കാരി രഞ്ജിത ഭനസോഡെയാണ് പ്രതി റഫീക്ക് ഇമാംസാബു കൊലപ്പെടുത്തിയത്. അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രതി തടഞ്ഞുനിര്‍ത്തി ഇവരെ കുത്തി കൊല്ലുകയായിരുന്നു. പിന്നാലെ ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്നാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്.
രഞ്ജിതയും റഫീഖും സ്‌കൂള്‍ കാലം മുതൽ പരിചയക്കാരാണ്. 12 വര്‍ഷം മുന്‍പ് രഞ്ജിത മഹാരാഷ്ട്ര സ്വദേശിയായ സച്ചിന്‍ കട്ടേര എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 10 വയസുളള മകനുണ്ട്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം രഞ്ജിത യെല്ലാപൂരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കൂളില്‍ ഭക്ഷണം വയ്ക്കാന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയോട് റഫീഖ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിട്ടും രഞ്ജിതയും കുടുംബവും വിവാഹത്തിന് സമ്മതിച്ചില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

