Site iconSite icon Janayugom Online

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചു. സാവോ പോളോയ്ക്ക് പുറത്തുള്ള കാര്‍ ഫാക്ടറി സന്ദര്‍ശിച്ചാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ലുല ഡി സില്‍വ പ്രചാരണം ആരംഭിച്ചത്. ബൊള്‍സൊനാരോയുടെ ഭരണത്തിനു കീഴില്‍ ബ്രസീലില്‍ പട്ടിണി തിരിച്ചെത്തിയെന്നും കുറഞ്ഞ വേതനത്തില്‍ അതീജീവിക്കാന്‍ കഴിയാത്ത കുടുംബങ്ങളെ പണപ്പെരുപ്പം കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും ലുല പറഞ്ഞു. 

തെക്കന്‍ നഗരമായ ജൂയിസ് ഡി ഫോറയിലാണ് ജെയിര്‍ ബൊള്‍സൊനാരോ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 2018 ലെ പ്രചാരണത്തിനിടെ ജൂയിസ് ഡി ഫോറയില്‍ വച്ച് ബൊള്‍സൊനാരോയ്ക്കെതിരെ വധശ്രമം നടന്നിരുന്നു. ലുലയ്ക്കെതിരെ വ്യക്തിഹത്യ അടക്കമുള്ള ആരോപണങ്ങളാണ് ബൊള്‍സൊനാരോ ഉന്നയിച്ചത്. 

അതേസമയം, അഭിപ്രായ വോട്ടെടുപ്പുകളില്‍ ലുലയ്ക്കാണ് മുന്‍തൂക്കം. ഐപിഇസി നടത്തിയ സര്‍വേയില്‍ 44 ശതമാനം വോട്ടര്‍മാരാണ് ലുലയെ പിന്തുണയ്ക്കുന്നത്. 32 ശതമാനം മാത്രമാണ് ബൊള്‍സൊനാരോയുടെ പിന്തുണ. ബൊൾസോനാരോയുടെ 35 ശതമാനം വോട്ടിനെതിരെ 51 ശതമാനം വോട്ടോടെ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നും സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു. 

എന്നാല്‍ ബൊള്‍സൊനാരോ പരാജയപ്പെട്ടാല്‍, യുഎസ് ക്യാപിറ്റോളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയതിനു സമാനമായ ആക്രമണം ബ്രസിലീല്‍ ആവര്‍ത്തിക്കുമെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും പറയുന്നത്. രാജ്യത്തെ ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ സംശയങ്ങൾ ഉന്നയിച്ച ബൊള്‍സൊനാരോ പതിനായിരക്കണക്കിന് അനുയായികളുടെ മുമ്പാകെ, ദൈവത്തിന് മാത്രമേ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂ എന്നും പ്രഖ്യാപിച്ചിരുന്നു. 

Eng­lish Summary:The offi­cial start of the Brazil­ian pres­i­den­tial elec­tion campaign
You may also like this video

Exit mobile version