Site iconSite icon Janayugom Online

ഫുട്ബോളിലെ ഒരേയൊരു രാജാവ്…പെലെ

ചൈനീസ് മണ്ണിൽ പിറന്ന് യൂറോപ്പിൽ നിന്ന് ശാസ്ത്രീയമായി പാഠങ്ങൾ പഠിച്ചു. കളിയും ഘടനയും നിയമങ്ങളും സൃഷ്ടിച്ചു. ലോകമാകെ വ്യാപിപ്പിച്ചു. മഹാഭൂരിപക്ഷം ജനങ്ങളുടെയും മനസിൽ ആവേശം വളർത്തിയ കാൽപന്ത് കളിക്ക് ലോകത്തെ ഒരുമിപ്പിക്കുന്ന മാന്ത്രിക ശക്തിയുണ്ട്. കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും സമ്പന്നനും പട്ടിണിക്കാരനും ഒരുമിച്ച് ചേരുന്ന മഹാപ്രസ്ഥാനമാണ് ഫു­ട്­ബോ­ൾ. 1904ൽ ഫുട്ബോളിന്റെ ലോകസംഘടനയ്ക്ക് ജന്മം നൽകി. ഇപ്പോൾ ലോകത്തിലെ 211 രാജ്യങ്ങൾ ചേർന്ന കൂട്ടായ്മയായി. ഐക്യരാഷ്ട്രസഭയെക്കാൾ വലിയ പ്രസ്ഥാനമായി. 1930ലാണ് ലോകത്തെ ആകെ ആവേശംകൊള്ളിച്ച ലോകകപ്പ് ഫു­ട്ബോൾ ആരംഭിച്ചത്. 140 വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ ഒരുപാട് വലിയ കളിക്കാർ ഫുട്ബോൾ മൈതാനങ്ങളെ അടക്കി വാണിട്ടുണ്ട്. എന്നാൽ ഫു­ട്ബോളിൽ ഒരാൾക്ക് മാത്രമാണ് ലോകരാജാവ് എന്ന പദവിലഭിച്ചത്. അത് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ പെലെയ്ക്ക് മാത്രമാണ്. ഫുട്ബോൾ മൈതാനിയിൽ ആവേശപൂർവം ആരാധകർ വിളിച്ചു “കറുത്തമുത്ത്” എന്ന്. പെലെ ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു ഒക്ടോബർ 23, കറുപ്പിന്റെ അഴകിനെ വാരിപ്പുണരാനും കൂട്ടുകൂടാനും ജനങ്ങൾ മത്സരിച്ചു. വർണവിവേചനവും, മതവെറിയും ഫുട്ബോളിൽ നിഷിദ്ധമാണെന്നു കളിയിൽകൂടി ജനങ്ങളെ ബോധ്യപ്പെടുത്തി.

1940 ഒക്ടോബർ 23നാണ് പെലെ എന്ന പേരിൽ ലോകം അറിയുന്ന ‚“എഡ്സൺ അരാന്റീസ് ദോ നാസിമെന്റോ“എന്ന പെലെ ജനിച്ചത്. അച്ഛൻ ഒരു ഫുട്ബോളറായ നാസിമെന്റോ ആയിരുന്നു. കളിയിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ വരുമാനം. ചെറുപ്പത്തിൽതന്നെ ഫുട്ബോൾ കളിയെ കാണുമെങ്കിലും നാസിമെന്റോ ഉയരങ്ങളിൽ പറക്കുന്ന വിമാനത്തിൽ പൈലറ്റാകാനാണ് മോഹിച്ചത്. ഒരിക്കൽ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റിന്റെ ദാരുണ മരണം കണ്ട ബാലൻ വിമാനം പറത്താനുള്ള മോഹം സ്വമേധയാ ഉപേക്ഷിക്കാൻ കാരണമായി. ഫുട്ബോൾ കളിക്കാനുള്ള ആർത്തികൊണ്ട് കച്ചിത്തുരുമ്പും കെട്ടി കളിതുടങ്ങിയ കൊച്ചുബാലൻ എഴുവയസുമുതൽ കളിയിലുള്ള പ്രാവീണ്യം സ്വയം ആർജിച്ചെടുത്തു. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ വീട്ടിൽ നിന്നാണ് കളിക്കളത്തിൽ വീര്യം പ്രകടിപ്പിച്ചത്. ഒരു പന്തുണ്ടെങ്കിൽ വിശപ്പ് കളികൊണ്ട് മാറും. 15-ാമത്തെ വയസിൽ സാന്റോസിൽ ചേർന്ന് ആദ്യത്തെ മാസത്തെ ശമ്പളം കിട്ടിയപ്പോൾ മാത്രമാണ് വീട്ടിലെ പട്ടിണിമാറിയതെന്ന് ആത്മകഥയിൽ പെലെ രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളക്കാർ രാജ്യം കയ്യടക്കിവച്ചു. കറുത്ത മനുഷ്യരെ കശാപ്പു ചെയ്ത നാട്ടിൽ കറുത്തവന് നിലയും വിലയും ഉണ്ടായതും കൊല നിർത്തിയതും ഫുട്ബോൾ കളികൊണ്ട് മാത്രമാണ്. വെള്ളക്കാരുടെ ടീമുകൾക്ക് ജയിക്കാൻ നല്ല കളിക്കാരെ വേണം. അതിന് കറുത്ത മനുഷ്യരെ ടീമിൽ റിക്രൂട്ട് ചെയ്തു. എഴുവയസുമുതൽ മുതൽ ജോലിചെയ്താണ് വളർന്നത്. തൂപ്പുകാരൻ, ഷൂ പോളിഷു ചെയ്യൽ തുടങ്ങിയ ജോലികൾ ചെയ്യുന്നത് കളിക്കാനും കഴിക്കാനും കുടുംബത്തെ സഹായിക്കുവാനുമായിരുന്നു. തിക്തമായ ജീവിതാനുഭവങ്ങളിൽ കൂടി വളർന്ന കൊച്ചുബാലൻ 16 കഴിയുമ്പേഴേക്കും ഫിഫാ കപ്പിനുള്ള ബ്രസീൽ ടീമിൽ സെലക്ട് ചെയ്യപ്പെട്ടു. ചിലർ സംശയിച്ചു, കോച്ച് പൂർണവിശ്വാസത്തിലായിരുന്നു. 15 വയസിൽ ഒരു പ്രദർശന മത്സരത്തിൽ സ്വന്തം ടീമിന് വേണ്ടി നാല് ഗോളുകൾ നേടിയ കൊച്ചു ബാലനെ കോച്ച് കണക്കിലെടുത്തിരുന്നു. 1958ലാണ് ആദ്യമായി ലോകകപ്പ് കളിക്കളത്തിൽ എത്തിയത്. സ്വീഡനിലാണ് കളി. എതിരാളി സോവിയറ്റ് യൂണിയൻ ശക്തരാണ്. ഓസ്ട്രേലിയയെ തോല്പിച്ചു കടന്നുവന്നവരാണ് ബ്രസീൽ. കളിക്കാർ ഗ്രൗണ്ടിൽ എത്തിയപ്പോൾ ഒരു കറുത്ത പയ്യനെക്കണ്ടു കാണികൾ കൂകി വിളിച്ചു. പക്ഷെ ഗോളടിക്കാൻ പാകത്തിൽ പാസ്‌നൽകുന്ന പെലെയെ ജനങ്ങൾക്ക് ഇഷ്ടമായി. വെയിൽസിനെതിരായ ഗോൾ ബ്രസീലിനെ സെമിയിൽ എത്തിച്ചു. ഫൈനലിൽ സ്വീഡനെതിരായ അവസാന ഗോളും പെലെയുടെ വകയായിരുന്നു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബ്രസീൽ ലോക ചാമ്പ്യന്മാരായി. 62ലും ബ്രസീൽ തന്നെ ജേതാക്കൾ. 66ൽ ജയിക്കാൻ കഴിഞ്ഞില്ല. 70ൽ എതിരാളികൾ ഇറ്റലിയായിരുന്നു. രണ്ട് ടീമും രണ്ട് തവണവീതം ജയിച്ചവർ. ഇത്തവണ ജയിക്കുന്നവർക്ക് യൂൾ റിമെ കപ്പ് സ്വന്തമാകും. ലോകം കാത്തിരുന്ന നിമിഷം ബ്രസീലുകാർ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ. ഇറ്റലിയും അങ്ങനെ തന്നെ. പോപ്പ് ഇറ്റലിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുവെന്ന് ബ്രസീലുകാർ ധരിച്ചു. അവർ നേരിട്ടു ദൈവത്തെ പ്രാർത്ഥിച്ചു. കളി കഴിഞ്ഞപ്പോൾ ജയം ബ്രസീലിന്. അങ്ങനെ മൂന്ന് തവണ ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്തു കപ്പ് നേടിയ ഏകകളിക്കാരൻ എന്ന ബഹുമതിയും പെലെയ്ക്ക് തന്നെ.

പെലെ എന്ന കറുത്ത മുത്ത് ലോകഫുട്ബോൾ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന താരരാജാവാണ്. അദ്ദേഹം നേടിയെടുത്ത ലോകറെക്കോഡുകൾ പലതും ഇന്നും നിലനിൽക്കുന്നു. ജീവിതത്തിൽ ഒട്ടേറെ തിരിച്ചടികളും ചതിയും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട് അതിനെയെല്ലാം അതിജീവിച്ച മഹാപ്രതിഭ തന്നെയാണ് പെലെ. അവസാനകാലം അദ്ദേഹത്തിന്റെ മനസിനെ അലട്ടിയത് യൂൾറിമെ കപ്പ് നഷ്ടപ്പെട്ടതാണ്. ലോകം കണ്ട എറ്റവും വില കൂടിയതും സുന്ദരവുമായ കപ്പാണ് ബ്രസീലിൽ നിന്നും മോഷണം പോയത്. കുറ്റാന്വേഷണ വിദഗ്ധർ അരിച്ചു പെറുക്കിയിട്ടും കപ്പ് കിട്ടിയില്ല. ഒടുവിൽ ഒരു പ്രസ്താവനയിൽ പെലെ പറഞ്ഞു. കപ്പ് തിരിച്ചു കൊണ്ടുവന്നാൽ ആവശ്യപ്പെടുന്ന പണം തരാം. കുറ്റവാളിയെ പുറത്തറിയിക്കില്ല. വാഗ്ദാനം സ്വീകരിക്കാൻ ആരും വന്നില്ല. അവർ അത് ഉരുക്കി വിറ്റെന്നാണ് കരുതുന്നത്.

കളിയിൽ നിന്നും വിരമിച്ച് സ്പോർട്സ് മന്ത്രിയായതും കളിയിലുള്ള മികവ് കൊണ്ട് തന്നെയാണ്. ലോകഫുട്ബോളിൽ നിന്നും വിരമിച്ച പെലെ അമേരിക്കക്കാരുടെ പ്രിയതാരമായി. അവിടം ഫുട്ബോൾ ആവേശത്തിന്റെ കേന്ദ്രമാക്കിയത് പോലെയാണെന്ന് രാജ്യം ഇന്നും ഓർക്കുന്നു. ലോകത്ത് ഇത്രമാത്രം ബഹുമതിനേടിയ മറ്റൊരു താരവുമുണ്ടായിട്ടില്ല. ഇറ്റലിയിൽ നിന്നും കപ്പ് നേടിയപ്പോൾ മാർപ്പാപ്പ തിരുമേനി ഫോണിൽ വിളിച്ചു അഭിനന്ദിച്ചത് ജീവിത സായൂജ്യമായി അദ്ദേഹം കരുതുന്നു. പിന്നീട് അദ്ദേഹത്തിന്റെ മുന്നിലെത്താനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ക്രിസ്തുമത വിശ്വാസിയായ പെലെയ്ക്ക് കഴിഞ്ഞത് ഫുട്ബോൾ കളികൊണ്ടാണ്. ലോകത്തെ പ്രതാപശാലികളായ ഭരണകർത്താക്കൾ മുഴുവൻ സ്നേഹിച്ച ഫുട്ബോൾ കളിക്കാരൻ പെലെ തന്നെ. ഫുട്ബോളിന് ഇത്രമാത്രം ജനകീയത കൈവരിക്കുന്നതിന് കാരണം പെലെയെന്ന മായാജാലക്കാരന്റെ അപൂർവ സിദ്ധിയും ഒന്നുതന്നെയാണ്.

Exit mobile version