Site iconSite icon Janayugom Online

ഒരു കുടുംബം-ഒരു ടിക്കറ്റ് നയം കോൺഗ്രസിൽ തിരിച്ചെത്തുന്നു

രാജസ്ഥാനിലെ ഉദയ്പുരിൽ ഈ വാരാന്ത്യത്തിൽ നടക്കുന്ന കോൺഗ്രസ് ചിന്താ ശിബിരത്തിൽ ഒരു കുടുംബം-ഒരു ടിക്കറ്റ് നിർദേശം വീണ്ടും ഉയർന്നുവന്നേക്കുമെന്ന് സൂചന. വെള്ളിയാഴ്ച തുടങ്ങുന്ന ത്രിദിന ചിന്തൻ ശിബിരത്തിന് മുന്നോടിയായി കഴിഞ്ഞദിവസം ഡൽഹിയിൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിലെ ചർച്ചയിൽ ഈ നിർദേശവും ഉൾപ്പെടുന്നുവെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു.
മൂന്ന് ദിവസത്തെ ശിബിരത്തിന് ശേഷം ഞായറാഴ്ച ചേരുന്ന വർക്കിങ് കമ്മിറ്റിയില്‍ അംഗീകരിച്ചാലും അത് ഗാന്ധികുടുംബത്തിന് ബാധകമായേക്കില്ല. കൂട്ടായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പാർലമെന്ററി ബോർഡിന്റെ പുനരുജ്ജീവനത്തിനും പാർട്ടി തുടക്കമിടാൻ സാധ്യതയുണ്ട്. അഞ്ച് വര്‍ഷം ഭാരവാഹിത്വം വഹിക്കുന്നയാള്‍ക്ക് മൂന്നുവര്‍ഷം ഇടവേള നല്‍കണമെന്ന ആവശ്യവും ഉപസമിതി മുന്നോട്ടുവച്ചിട്ടുണ്ട്. 

ഒരു കുടുംബം-ഒരു ടിക്കറ്റ്, നേതൃപദവിക്ക് കാലാവധി തുടങ്ങി കോൺഗ്രസിന് പുനർജന്മമേകാനുള്ള നിർദേശങ്ങൾ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നേരത്തെ അവതരിപ്പിച്ചിരുന്നു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കണമെന്നും നിർദേശിച്ചു. സോണിയ ഗാന്ധിയെ പ്രസിഡന്റായി ചൂണ്ടിക്കാട്ടിയ പദ്ധതിയില്‍ വർക്കിങ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വരണമെന്നും നിർദേശിച്ചു. രാഹുൽ ഗാന്ധിയെ പാർലമെന്ററി നേതാവായാണ് ചൂണ്ടിക്കാട്ടിയത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ വഴി പാർട്ടി പ്രവർത്തനം സജീവമാക്കാമെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടിയിരുന്നു.

തൊഴിലില്ലായ്മയിലും വർധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേതുപോലെ വിഭജനവും വർഗീയവുമായ പ്രചാരണങ്ങൾ ഇല്ലാതിരിക്കാനും കോൺഗ്രസ് ശ്രമിക്കും. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു പരിശീലന സ്ഥാപനം, ഒരു ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക തെരഞ്ഞെടുപ്പ് വിഭാഗം എന്നിവ പരിഗണിക്കും.
50 വയസിന് താഴെയുള്ള കൂടുതൽ യുവ നേതാക്കളെ ഉൾപ്പെടുത്തി ആഭ്യന്തര സ്ഥാനങ്ങളിൽ പകുതിയെങ്കിലും സംവരണം ചെയ്യുന്നതിനെക്കുറിച്ചും ചിന്തന്‍ ശിബിരം ചർച്ച ചെയ്തേക്കും.

Eng­lish Sum­ma­ry: The one-fam­i­ly-one-tick­et pol­i­cy returns to Congress

You may like this video also

Exit mobile version