Site icon Janayugom Online

ജയം മാത്രം ലക്ഷ്യം; ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നാലാം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും സംതൃപ്തി നൽകില്ല. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികൾ. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. ആദ്യ കളിയിൽ കൊച്ചിയുടെ തട്ടകത്തിൽ എഫ്‌സി ഈസ്റ്റ് ബംഗാളിനെ തകർത്ത് തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് മത്സരങ്ങളും സമ്മാനിച്ചത് കയ്പേറിയ ഓർമകൾ. രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോൾ ആദ്യ എവേ മത്സരത്തിൽ ഒഡിഷയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും. അവസാന രണ്ടു കളിയിലും ലീഡ് നേടിയതിന് ശേഷമാണ് മഞ്ഞപ്പട തോറ്റോടിയത്. ഇനി ലീഗിൽ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കുയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ലക്ഷ്യം. 

ആക്രമണ ഫുട്ബോൾ രീതിയാണ് തോൽവിക്ക് കാരണമെന്ന് വിമർശകർ പറയുമ്പോഴും ശൈലിയിൽ മാറ്റമുണ്ടാകില്ലെന്ന് കോച്ച് ഇവാൻ വുകുമനോവിച്ച പറഞ്ഞുകഴിഞ്ഞു. തോൽവികളിൽ നിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവരാനാണ് ശ്രമമെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പരിശീലകൻ പറഞ്ഞു. ഗോളടിക്കാനാകുമെന്നും ജയിച്ച് ലീഗിലേയ്ക്ക് മടങ്ങിവരുവാൻ സാധിക്കുമെന്നും മഞ്ഞപ്പടയുടെ സൂപ്പർതാരം അഡ്രിയാൺ ലൂണയും ആത്മവിശ്വാസം പ്രകടിപ്പിച്ചുകഴിഞ്ഞു. മുന്നേറ്റ നിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും പ്രതിരോധ നിര കളി മറന്നതുമാണ് കഴിഞ്ഞ കളിയിലെ തോൽവിക്ക് കാരണം. രണ്ട് കളിയിൽ പുറത്തിരുന്ന ഓസീസ് താരം അപ്പസ്തലോസ് ജിയാനു പരിശീലനം ആരംഭിച്ചത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഉണർവായിട്ടുണ്ട്. ക്യാപ്റ്റൻ ജസൽ നയിക്കുന്ന പ്രതിരോധം ഫോമിലേയ്ക്ക് മടങ്ങിയെങ്കിൽ മാത്രമേ ഇന്നും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകൾക്ക് വഴിയുള്ളു. 

മറുവശത്ത് ആദ്യ മൂന്ന് കളിയിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി മുംബൈ സിറ്റി എഫ്‌സി നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാൽ അവർക്ക് പോയിന്റ് ടേബിളിൽ ഒന്നാമതെത്താം. എന്നാൽ അവസാന കളിയിൽ ഈ സീസണിൽ ഫോം കണ്ടെത്താനാകാത്ത ജംഷഡ്പൂർ എഫ്‌സിയുമായി സമനില വഴങ്ങിയത് അവരുടെ ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ലാലിയൻസുവാല ചാങ്തേ നയിക്കുന്ന മധ്യനിരയാണ് മുംബൈയുടെ കരുത്ത്. ഗ്രേഗ് സ്റ്റുവർട്ടും ബിപിൻ സിങ്ങും നയിക്കുന്ന മുന്നേറ്റ നിരകൂടി ഫോമിലെയ്ക്ക് എത്തിയാൽ കൊച്ചിയിൽ രണ്ടാം വിജയം മുംബൈ സ്വപ്നം കാണുന്നു. 

Eng­lish Summary:The only goal is to win; Today is a test of fire for Blasters
You may also like this video

Exit mobile version