Site iconSite icon Janayugom Online

ഇമ്രാനെ ക്ലീന്‍ ബൗള്‍ഡാക്കിയ എതിരാളി; പ്രധാനമന്ത്രിയാകാന്‍ ഷഹബാസ് ഷരീഫ്

ഇമ്രാന്‍ ഖാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇനിയാര് എന്ന ചോദ്യത്തിന് ഷഹബാസ് ഷെരീഫ് എന്ന പേര് നിസംശയം ഉറപ്പിക്കാം. അവിശ്വാസ പ്രമേയത്തിന് പിന്നാലെ പിരിഞ്ഞ പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുമെന്ന് സഭാ അധ്യക്ഷന്‍ അയാസ് സാദിഖ് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ മുസ്‍ലിം ലീഗ് — നവാസ് പ്രസിഡന്റായ ഷഹബാസ് ഷെരീഫും മുന്‍ ഭരണകക്ഷിയായ തെഹരീക്- ഇ- ഇന്‍സാഫ് നേതാവ് ഷാ മെഹമൂദ് ഖുറേഷിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമേ വിലയിരുത്താനാകു. പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിനെ ഉറപ്പിച്ചു കഴിഞ്ഞു. 

പ്രതിപക്ഷ നിരയെ ഒന്നടങ്കം ഇമ്രാനെതിരെ തിരിച്ച ഷഹബാസ്, നാല് വര്‍ഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്റെയും മൂന്ന് തവണ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിന്റെയും അനുഭവ സമ്പത്തുമായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ 1999 ല്‍ ജനറല്‍ പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള പട്ടാള അട്ടിമറിയില്‍ സ്ഥാനമൊഴിയേണ്ടി വന്ന ഷഹബാസിനെ കുടുംബത്തോടൊപ്പം നാടുകടത്തുകയായിരുന്നു. 2007 ല്‍ തിരികെയെത്തിയതിനു ശേഷമാണ് 2008 ലും 2013 ലും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാകുന്നത്.

2017 ല്‍ പനാമ പേപ്പേഴ്‍സ് വിവാദത്തെ തുടര്‍ന്ന്, പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാന്‍ മുസ്‍ലിം ലീഗ് — നവാസ് വിഭാഗത്തിന്റെ നേതാവായി സഹോദരനും കോടീശ്വര വ്യവസായിയുമായിരുന്ന ഷഹബാസ് എത്തുന്നത്. 2019 ല്‍‍ പ്രതിപക്ഷ നേതാവായിരിക്കെ കള്ളപ്പണം വെളുപ്പിച്ച കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷഹബാസിന്റെ ആസ്തികൾ മരവിപ്പിച്ചു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലിലായ ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് ഇമ്രാനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കരുനീക്കങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചതോടെ പ്രധാനമന്ത്രി പദത്തില്‍ ഷഹബാസിന് നേരിടാനുള്ളതെന്തൊക്കയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. 

Eng­lish Summary:The oppo­nent who clean bowled Imran; Shah­baz Sharif to become PM
You may also like this video

Exit mobile version