പ്രതിപക്ഷത്തിന് സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ തിരിച്ചടി. കോവിഡ് കാലത്ത് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരുടെ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിയമ വിരുദ്ധതയില്ലെന്നും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച സര്‍ക്കാര്‍ നടപടി ദുരുദ്ദേശപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെല്ലുവിളിയായിരുന്നു കോവിഡ് സാഹചര്യമെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതില്‍ സര്‍ക്കാരിനെ കുറ്റം പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കോവിഡ് സമയത്താണ് സംസ്ഥാന സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറും തമ്മില്‍ വിവരശേഖരണ കരാറുമായി മുന്നോട്ട് പോയത്. 1.75 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനുമായി ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് സ്പ്രിങ്ക്ളര്‍ നല്‍കിയത്. എന്നാൽ സ്പ്രിങ്ക്ളര്‍ കമ്പനി വിവരങ്ങൾ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ശേഖരിച്ച വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ നല്‍കിയ ഇടക്കാല ഉത്തരവ്. എന്നാൽ രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് സ്പ്രിങ്ക്ളറുമായുളള കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. തുടര്‍ന്ന് വിവര ശേഖരണവും അപഗ്രഥനവും സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റ് ഏറ്റെടുത്തിരുന്നു.

