Site iconSite icon Janayugom Online

തൊഴിലില്ലായ്മയും വിലക്കയറ്റവും ആയുധമാക്കി പ്രതിപക്ഷം

parliamentparliament

സാമ്പത്തിക വളര്‍ച്ചയെന്ന മോഡി സര്‍ക്കാരിന്റെ പൊള്ളയായ വാചക കസര്‍ത്ത് പൊളിച്ചടുക്കി രാജ്യസഭയില്‍ പ്രതിപക്ഷം. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ തൊഴിലില്ലായ്മയും പോഷകാഹാരക്കുറവും വിലവര്‍ധനവും പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവര്‍ത്തിച്ചു.
സമ്പന്നരെ മാത്രം സഹായിക്കുന്ന സാമ്പത്തിക നയമാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം കൂടുന്നത് സാമ്പത്തിക മേഖലയുടെ പൊതുവായ വളര്‍ച്ചയായി വിലയിരുത്താനാകില്ല. കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കുമായി വഴിവിട്ട സഹായങ്ങളാണ് കേന്ദ്രം നല്‍കുന്നത്. അതിസമ്പന്നര്‍ എടുത്ത വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ടവര്‍ നട്ടം തിരിയുന്നതും തിരിച്ചടവ് മുടങ്ങിയ കാരണത്താല്‍ ആത്മഹത്യ ചെയ്യുന്ന നിത്യകാഴ്ചയും പ്രതിപക്ഷം മുന്നോട്ടു വച്ചു. 

ടിഎംസി അംഗം ഡെറിക് ഒബ്രയാന്‍ നല്‍കിയ നോട്ടീസ് പ്രകാരം ചെയര്‍ അനുമതി നല്‍കിയ ഹ്രസ്വ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്നലെയും രാജ്യസഭയില്‍ നടന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിരമിഡിന്റെ ഉന്നതിയിലേക്ക് എത്തിയോ എന്ന ചോദ്യമാണ് ബ്രയാന്‍ ഉന്നയിച്ചത്. 2014 മുതല്‍ 23 വരെ വിലക്കയറ്റം 56 ശതമാനം വര്‍ധിച്ചു. ഗോതമ്പിന് 59, പാലിന് 61, തക്കാളി 115, സാമ്പാര്‍ പരിപ്പിന് 120 ശതമാനം വിലയാണ് വര്‍ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ ഇന്ത്യന്‍ സമ്പദ്‌രംഗം വളരെ വേഗത്തിലാണ് മുന്നേറുന്നെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ ഈ വളര്‍ച്ച ആഭ്യന്തര മേഖലയില്‍ പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം ചോദിച്ചു. സാമ്പത്തിക രംഗം മെച്ചപ്പെട്ടെങ്കില്‍ തൊഴില്‍ മേഖലയില്‍ എന്തുകൊണ്ടാണ് വര്‍ധനയുണ്ടാകാത്തതെന്നും അദ്ദേഹം ചോദിച്ചു. 

സര്‍ക്കാരിന്റെ കണക്കുകളും പദ്ധതികളും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് പ്രതിപക്ഷം തുറന്നടിച്ചു. അതേസമയം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന വാദങ്ങള്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങള്‍ ഊന്നല്‍ നല്‍കിയത്.

Eng­lish Sum­ma­ry: The oppo­si­tion used unem­ploy­ment and price rise as weapons

You may also like this video

Exit mobile version