Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ചയുണ്ടായതായി ഓര്‍ത്തഡോക്സ് സഭ

മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാബ, സഭയ്ക്ക് ആശങ്കയുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തില്‍ സര്‍ക്കാര്‍ പലതവണ ഇടപെട്ടുവെന്ന് പറയുന്നു. ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം നിര്‍ത്താനാകുന്നില്ല. പ്രധാമന്ത്രി പ്രതികരിക്കേണ്ടതാണ്. അദ്ദേഹത്തിന്‍റെ മൗനം അത്ഭുതമാണ്.വിദേശത്ത് പോകും മുമ്പ് നേതാക്കള്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കൂടുതല്‍ പട്ടാള സാന്നിധ്യം അവിടെ ഉണ്ടാകണമെന്ന് കരുതുന്നു. അതിനുള്ള ആര്‍ജ്ജവം കേന്ദ്രം കാണിക്കണം. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ട്.പല കലാപങ്ങളും തീര്‍ക്കാറുണ്ട് ‚ഇത്രയും നീണ്ടുപോകാനുള്ള കാരണം എന്താണെന്നത് ആശങ്ക ഉളവാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മണിപ്പൂരില്‍ മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല. രണ്ട് വിഭാഗത്തില്‍പ്പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. മണിപ്പൂര്‍ പ്രശ്‌നത്തില്‍ സഭ ഇതിനോടകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഒരു ഗോത്ര വിഭാഗത്തില്‍ ഏറെ ക്രിസ്ത്യാനികളുണ്ട്. അതേസമയം, മറുവിഭാഗവും കൊല്ലപ്പെടുന്നുണ്ട്. രണ്ട് വിഭാഗത്തോടും കലാപം നിര്‍ത്തണമെന്നാണ് പറയാനുള്ളത്. അവിടെ നഷ്ടമുണ്ടായത് ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല. അവിടെ നടന്നത് മതപീഡനം ആണെന്ന് കാണാനാകില്ല.ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തെ വര്‍ഗീയമായി ചിത്രീകരിക്കാമോ എന്നറിയില്ല. എങ്കിലും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് ആണെന്നാണ് മനസിലാക്കുന്നത്.

പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല.ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത് ഭാരത സംസ്‌കാരത്തിന്റെ നാരായവേരിന് കത്തിവെക്കുന്നത് പോലെയാണ്.ഏക സിവില്‍ കോഡ് പെട്ടെന്ന് ഉണ്ടാകാനുള്ളതല്ല. സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനായിട്ടില്ല,കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു

Eng­lish Summary:
The Ortho­dox Church has said that the cen­tral gov­ern­ment has failed in deal­ing with the Manipur riots

You may also like this video:

Exit mobile version