പലസ്തീന്‍ ലോഗോ ഹെല്‍മറ്റില്‍ പതിച്ച് മാച്ചിനിറങ്ങി യുവ ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ജമ്മു കശ്മീര്‍ പൊലീസ്. പുല്‍വാമ സ്വദേശിയായ ഫുര്‍ഖാന്‍ ഉള്‍ ഹഖിനെതിരെയാണ് അന്വേഷണം. ഫുര്‍ഖാനെയും, ടൂര്‍ണമെന്റ് സംഘാടകനെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചു. യുവാവിന്റെ രാഷ്ട്രീയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതിനിടെയാണ് ഫുര്‍ഖാന്‍ പലസ്തീന്‍ ലോഗോ പതിപ്പിച്ച ഹെല്‍മറ്റുമായി കളിക്കാൻ ഇറങ്ങിയത്. ബാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് നടപടിക്കൊരുങ്ങിയത്.
അതേസമയം ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. ബിസിസിഐയുടെ കീഴില്‍ സംസ്ഥാന അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാര്‍ക്ക് ഇതുപോലെയുള്ള അനൗദ്യോഗിക ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അനുമതിയില്ല. നേരത്തേ ഇന്ത്യന്‍ ഹെവന്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ശ്രീനഗറില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റും വിവാദമായിരുന്നു.

