Site iconSite icon Janayugom Online

അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച രക്ഷിതാവ് അറസ്റ്റില്‍; ഇയാള്‍ കൊലകേസ് പ്രതിയെന്ന് പൊലീസ്

അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കേസിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷിനെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് പ്രതി മര്‍ദിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ധനേഷിന്റെ നാലാം ക്ലാസുകാരൻ മകൻ സ്കൂളില്‍ നിന്നും ക്ലാസ് കഴിയുന്നതിനു മുമ്പേ വീട്ടില്‍ മടങ്ങിപ്പോയിരുന്നു. ഇതറിഞ്ഞ ഭരത് വീട്ടിൽ ചെന്ന് കുട്ടിയെ തിരികെ സ്കൂളിലേക്ക് കൊണ്ടുവന്നു. ഇതാണ് അക്രമത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. അധ്യാപകരുടെ ഓഫിസിലേക്ക് ധനേഷ് അതിക്രമിച്ചു കയറി ഭരത്തിന്റെ മുഖത്ത് അടിക്കുകയും തള്ളിയിടുകയുമായിരുന്നുവെന്നും വ്യക്തമാക്കി. 

ധനേഷ് കൊലക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. 

Exit mobile version