സമഗ്ര ശിക്ഷാ അഭിയാന്‍, പിഎം പോഷണ്‍ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ നിന്ന് പകുതിയോളം തുക വിനിയോഗിച്ചില്ലെന്ന് പാര്‍ലമെന്ററി സമിതി. കേന്ദ്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയായ പിഎം പോഷണ്‍ 57 ശതമാനവും, പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന്‍ 55 ശതമാനവും മാത്രമാണ് തുക ചെലവഴിച്ചതെന്നാണ് ബിജെപിയുടെ രാജ്യസഭാ എംപി വിനയ് പി സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, വനിത, ശിശു, യുവജന, കായിക വകുപ്പുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ബജറ്റില്‍ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിക്കുവേണ്ടി അനുവദിച്ച 37,383.36 കോടി രൂപയില്‍ നിന്ന് 16,821.70 കോടി രൂപ മാത്രമാണ് ജനുവരി 31 വരെ ഉപയോഗിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട 11,500 കോടി രൂപയില്‍ നിന്ന് 6,660.54 കോടി രൂപ മാത്രമാണ് ജനുവരി 31 വരെ പിഎം പോഷണ്‍ പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നതെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തുക വിനിയോഗിക്കുന്നതിലുണ്ടായ കുറവ് അംഗീകരിക്കാനാവാത്തതാണെന്നും ഇതിന്റെ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ഫണ്ട് വിനിയോഗം പുരോഗമനപരമായ രീതിയിലല്ലെന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്കൂളുകള്‍ ആരംഭിക്കണമെന്നും പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തു.
english summary; The parliamentary committee said that about half of the amount was not spent
you may also like this video;