Site iconSite icon Janayugom Online

കഴിഞ്ഞുപോയത് ഏറ്റവും ചൂടേറിയ വര്‍ഷം; 1.5 ഡിഗ്രി സെല്‍ഷ്യസ് പരിധി മറികടന്ന ആദ്യ വര്‍ഷം

കഴിഞ്ഞുപോയത് ഏറ്റവും ചൂടേറിയ വര്‍ഷം. അന്തർദേശീയമായി അംഗീകരിച്ച 1.5 സെൽഷ്യസ് താപനില എന്ന പരിധി കഴിഞ്ഞവര്‍ഷം ആദ്യമായി മറികടന്നുവെന്നും യൂറോപ്പിലെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന വകുപ്പ് (സി3എസ്) പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 1850 മുതലാണ് ആഗോള താപനില രേഖപ്പെടുത്താന്‍ തുടങ്ങിയത്. 2024ലാണ് ശരാശരി ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ആദ്യമായി മറികടന്നത്. ഇത്തരമൊരു സ്ഥിതി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് ലോകനേതാക്കള്‍ ഒരു ദശാബ‍്ദം മുമ്പ് പ്രതിജ്ഞയെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. താപനില ഇത്രയും വര്‍ദ്ധിച്ചത് കടുത്ത കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ക്കും തീവ്രമായ കാലാവസ്ഥയ‍്ക്കും വഴിവയ‍്ക്കും. താപനില സ്ഥിരമായി ഈ പരിധി കടക്കുന്ന ഘട്ടത്തിലേക്ക് ലോകം എത്തിയിരിക്കുന്നു എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

വാണിജ്യ, വ്യവസായിക ആവശ്യങ്ങള്‍ക്കായി കല്‍ക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രവര്‍ത്തനങ്ങളും വ്യവസായവല്‍ക്കരണത്തിന്റെ വ്യാപകമായ ആഘാതങ്ങളാണ്. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ എല്ലാ മാസവും റെക്കോഡ് താപനില രേഖപ്പെടുത്തി. ജൂലൈ മുതല്‍ ഡിസംബര്‍ വരെ പരിശോധിച്ചാല്‍ ഓഗസ‍്റ്റ് ഒഴികെ, എല്ലാ മാസവും താപനില ഉയര്‍ന്ന രണ്ടാമത്തെ നിലയിലെത്തി. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വ്യക്തമാക്കിയിട്ടുള്ള 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധിയുടെ സ്ഥിരമായ ലംഘനം ഇരുപതോ മുപ്പതോ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല ചൂടിനെ സൂചിപ്പിക്കുന്നു. 2024ല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകത്തിന്റെ അളവ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക സ്ഥിതിയിലെത്തിയെന്ന് ശാസ‍്ത്രജ്ഞര്‍ പറഞ്ഞു. 

ലോകം പുതിയൊരു കാലാവസ്ഥാ ക്രമത്തിലേക്ക് കടന്നിരിക്കുകയാണെന്ന് കാലാവസ്ഥാ പ്രവര്‍ത്തകനും സതാത് സംമ്പാദ ക്ലൈമറ്റ് ഫൗണ്ടേഷന്‍ സ്ഥാപക ഡയറക‍്ടറുമായ ഹര്‍ജീത് സിങ് പറഞ്ഞു. കൊടുംചൂടും പ്രളയവും തീവ്രമായ കൊടുങ്കാറ്റുകളും തുടര്‍ച്ചയായി രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനെ നേരിടുന്നതിന് നാം സജ്ജരാകണം. വീടുകള്‍, നഗരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കാലാവസ്ഥയ‍്ക്ക് അനുസരിച്ച് പുനര്‍രൂപകല്‍പ്പന ചെയ്യണം. വെള്ളം, ഭക്ഷണം, ഊര്‍ജ്ജ സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലും മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2025ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ ഏറ്റവും ഉയര്‍ന്നതാകുമെന്നും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിന് 2030ഓടെ 43 ശതമാനവും 2035ല്‍ 57 ശതമാനവുമായി ഇത് കുറയ‍്ക്കണമെന്നും ഐക്യരാഷ‍്ട്രസഭ കാലാവസ്ഥാ ശാസ‍്ത്ര സംഘടന ഐപിസിസി പറയുന്നു. 

Exit mobile version