ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന തഴക്കര അഞ്ചുമൂലംപറമ്പിൽ സദാനന്ദന്റെയും പദ്മിനിയുടെയും ഏകമകൾ പി അമ്പിളിക്കായി നാടൊന്നിക്കുന്നു. വയസ്സായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു സിവിൽ ഏവിയേഷൻ ഡിഗ്രിക്കാരിയായ പി അമ്പിളി (23) ഗുരുതരമായ വൃക്കരോഗത്താൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചതോടെ വൃക്ക മാറ്റിവെക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും അതിനായി 30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അസുഖ ബാധിതനും തൊഴിൽ രഹിതനുമായ പിതാവും തീപ്പെട്ടി ആഫീസിൽ ജോലി ചെയ്ത് കുടുംബം പോറ്റുന്ന മാതാവിനും ഈ വൻതുക കണ്ടെത്തി മകളുടെ ജീവൻ രക്ഷിക്കാനാവില്ല. വൃക്ക മാറ്റിവെക്കുന്നതിനുള്ള തുക കണ്ടെത്താൻ എം എസ് അരുൺകുമാർ എംഎല്‍എ ചെയർമാനും തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.
തിങ്കളാഴ്ച ഒറ്റദിവസം കൊണ്ട് പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി മുപ്പതുലക്ഷം രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഇതിനായി അമ്പിളിയുടെ അച്ഛൻ സദാനന്ദന്റെ പേരിൽ മാങ്കാംകുഴി ഫെഡറൽബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ. 11650100209708. IFSC: FDRL0001165.