നഗരസഭയിലെ പള്ളിക്കര ചെമ്മാക്കര നിവാസികൾക്ക് വേണ്ടി 1972 മുതൽ 4 കുടിവെള്ള പദ്ധതികൾ നടപ്പിൽ വരുത്തിയെങ്കിലും ഇത്രയും വർഷമായിട്ട് കുടിവെള്ളം ഇനിയും കിട്ടാക്കനിയായി അവശേഷിക്കുന്നു. 1972 ൽ കാര്യങ്കോട് ചീറ്റക്കാൽ പ്രദേശത്ത് ദേശീയ പാതയോരത്ത് തുടങ്ങിയ ശുദ്ധജല വിതരണ പദ്ധതി കാര്യങ്കോട്, ചെമ്മാക്കര, മുണ്ടേമ്മാട്, തോട്ടുംപുറം തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടതായിരുന്നു. പിഎച്ച് ഇ ഡി വകുപ്പ് കാര്യങ്കോട് ചീറ്റക്കാൽ ദേശീയപാതക്ക് സമീപം കിണറും പമ്പ് ഹൗസും ചീറ്റക്കാൽ കുന്നിന് മുകളിൽ ടാങ്കും നിർമ്മിച്ച പദ്ധതി, ജല ലഭ്യതയുടെ കുറവ് കാരണം വിപുലീകരിക്കാൻ വേണ്ടി 90 കളുടെ അവസാനം കാനക്കരയിൽ കിണറും പമ്പ് ഹൗസും നിർമ്മിച്ചു എങ്കിലും പരിഹാരമായില്ല. പിന്നീട് പള്ളിക്കര പ്രദേശത്ത് കല്ലിങ്കാൽ എന്ന സ്ഥലത്ത് കിണറും പമ്പ് ഹൗസും ടാങ്കും നിർമ്മിച്ചു വെങ്കിലും പിന്നീട് ആ വെള്ളവും കുടിക്കാൻ പറ്റാത്തതാവുകയും ജലദൗർലഭ്യം കാരണം ഈ പ്രദേശത്തുകാർ കഷ്ടത അനുഭവിക്കുകയും ചെയ്തു വരുന്നു.
2014 മുതൽ 2023 വരെയുള്ള കഷ്ടതയുടെ ഒടുവിൽ 2022 ൽ പുതിയ ഒരു പദ്ധതി (ചെമ്മാക്കര കുടിവെള്ള പദ്ധതി) ഈ പ്രദേശത്തുകാർക്കു വേണ്ടി നടപ്പിലാക്കി. 49 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി ഒരു വർഷം തികയുന്നതിന് മുൻപ് പാളി. ആഴ്ചയിൽ ഒരു ദിവസം, അതും അര മണിക്കൂർ വെള്ളം നൽകുന്നതിനുള്ള ശേഷി മാത്രമുണ് പുതിയ പദ്ധതിക്കും ഉള്ളത്. ചെമ്മാക്കര ഉൾപ്പെടെയുള്ള ഈ പ്രദേശത്തുകാർ വേനൽ കടുക്കുന്ന ഈ അവസരത്തിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുകയാണ് ഇപ്പോൾ. ആഴ്ചയിൽ ഒരുദിവസം അതും വെറും 30 മിനിറ്റ് വെള്ളം മാത്രമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യപ്പെട്ടാൽ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതിയെങ്കിലും അത് ജലരേഖ മാത്രമായി അവശേഷിക്കുകയാണ്. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി 65 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിൽ നിന്ന് കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.