Site iconSite icon Janayugom Online

ഫോണ്‍ വിളിക്കുന്നവരുടെ യഥാര്‍ത്ഥ പേര് കാണിക്കുന്ന കിടിലൻ ഫീച്ചറെത്തുന്നു

ഫോണിലേക്ക് വരുന്ന ഓരോ കോളിനുമൊപ്പം വിളിക്കുന്നയാളുടെ പേരും നമ്പറിനൊപ്പം പ്രദർശിപ്പിക്കുന്ന സംവിധാനം ഉടന്‍ എത്തുകയാണ്. ട്രൂകോള്‍ ആപ്പ് പ്രവര്‍ത്തന രീതിയാണ് പുതിയ സംവിധാനം. ഫോണുകളിലേക്ക് വരുന്ന സ്‍പാം കോളുകൾ, തട്ടിപ്പ് കോളുകൾ തുടങ്ങിയവ ഒഴിവാക്കുന്നത് ഇനി എളുപ്പമാകും. പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ നിർദ്ദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകാരം നൽകി. കോളിംഗ് നെയിം പ്രസന്‍റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ സേവനം, ഇൻകമിംഗ് കോളുകളിൽ സുതാര്യത കൊണ്ടുവരികയും സ്‌പാം കോളുകള്‍ തടയുമെന്നുമാണ് പ്രതീക്ഷ. 

മൊബൈൽ സിം എടുക്കുമ്പോൾ ഉപയോക്താവ് നൽകുന്ന ഐഡി പ്രൂഫിലെ പേരായിരിക്കും ആരെങ്കിലും കോള്‍ വിളിക്കുമ്പോൾ സ്‌ക്രീനില്‍ തെളിയുക. അതായത് സിം വെരിഫിക്കേഷൻ സമയത്ത് ടെലികോം ഓപ്പറേറ്ററിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന പേര് കോളര്‍-ഐഡിയായി കാണിക്കും. ഐഡന്‍റിറ്റി വിവരങ്ങൾ ടെലികോം കമ്പനികളുടെ ഔദ്യോഗിക സബ്‌സ്‌ക്രൈബർ ഡാറ്റാബേസിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിധത്തിലാണ് ‘കോളിംഗ് നെയിം പ്രസന്‍റേഷൻ’ സംവിധാനം. രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാക്കുമെന്ന് ട്രായ് അറിയിച്ചു. അതേസമയം, ഈ ഫീച്ചർ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് അവരുടെ ടെലികോം സേവനദാതാവിനെ കോണ്‍ടാക്റ്റ് ചെയ്‌ത് ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്തിടാനും കഴിയും.

Exit mobile version