Site iconSite icon Janayugom Online

പോളിഷ് പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ 33 തവണ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി

2019 ലെ പോളിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലയളവില്‍ പ്രതിപക്ഷ ക്യാമ്പയിന്‍ നേതാവായിരുന്ന ക്ര്‍സിസ്റ്റോഫ് ബ്രീസയുടെ ഫോണ്‍ 33 തവണ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് ബ്രീസയുടെ ഫോണില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. രാജ്യം ഭരിച്ചിരുന്ന വലതുപക്ഷ സഖ്യം തന്നെ വിജയിക്കുകയും ചെയ്തിരുന്നു. ഹാക്കിങ് വിവരങ്ങള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്. ടൊറോന്റോ സര്‍വകലാശാലയുടെ നോണ്‍പ്രോഫിറ്റ് സിറ്റിസണ്‍ ലാബാണ് ഹാക്കിങ് വിവരങ്ങള്‍ കണ്ടെത്തിയത്.

ഇസ്രയേലിലെ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാരസോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് 2019 ഏപ്രില്‍ 26നും 2019 ഒക്ടോബര്‍ 31നും ഇടയില്‍ 33 തവണയാണ് ഹാക്കിങ് നടത്തിയത്. അസോസിയേറ്റഡ് പ്രസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ രണ്ട് കേസുകള്‍ കൂടി സിറ്റിസണ്‍ ലാബ് കണ്ടെത്തിയിരുന്നു. എന്നാല്‍ മൂന്ന് ഫോണുകളും ഹാക്ക് ചെയ്തുവെന്ന വാദം പോളണ്ട് സര്‍ക്കാര്‍ തള്ളി. ഇത്തരം ഇടപെടല്‍ നടത്തുന്നവരുടെ വിവരങ്ങള്‍ എന്‍എസ്ഒ സൂക്ഷിച്ച് വയ്ക്കാറുണ്ടെന്നും പോളണ്ടിലെ ഹാക്കിങിന് പിന്നില്‍ ആരാണെന്നത് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നും സിറ്റിസണ്‍ ലാബ് വക്താവ് അറിയിച്ചു. സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് വില്പന നടത്തുന്നതെന്ന് എന്‍എസ്ഒ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. ഉന്നത സര്‍ക്കാര്‍ പദവി വഹിക്കുന്ന മറ്റു രണ്ടു പേരുടേയും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

eng­lish sum­ma­ry; The phone of the Pol­ish oppo­si­tion leader was leaked 33 times using Pegasus

you may also like this video;

Exit mobile version