Site iconSite icon Janayugom Online

ആമസോണ്‍ കാടുകളില്‍ വിമാനം തകര്‍ന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

കൊളംബിയയില്‍ രണ്ടാഴ്ച മുമ്പുണ്ടായ വിമാനാപകടത്തില്‍ കൊടുംകാട്ടില്‍ കുടുങ്ങിയ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ കണ്ടെത്തി. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്കായുള്ള തിരച്ചില്‍ വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെയായിരുന്നു നടന്നുവന്നിരുന്നത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മേയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം ഗ്വവിയാരേയിലേക്കുള്ള യാത്രാ മധ്യേ ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്. കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. 13 വയസ്, ഒമ്പത്, നാല്, 11 മാസം പ്രായമുള്ള കുഞ്ഞ് എന്നിങ്ങനെയാണ് കാണാതായ കുട്ടികളുടെ പ്രായം. അതേസമയം കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിങ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും തിരച്ചിലിനിടെ കണ്ടെത്തിയിരുന്നു. കൊളംബിയയുടെ സേനാ ഹെലികോപ്റ്ററുകളും വ്യോമസേനയും തിരച്ചിലിന്റെ ഭാഗമായിരുന്നു. ബുധനാഴ്ചയാണ് കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്റ്റാവോ പെട്രോ ട്വീറ്റിലൂടെ വിശദമാക്കിയത്.

eng­lish summary;Missing chil­dren found after plane crash in Ama­zon jungle

you may also like this video;

Exit mobile version