സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ പിന്നിട്ട ഒന്നോ, രണ്ടോ വര്‍ഷക്കാലയളവില്‍ രാജ്യം സാക്ഷ്യംവഹിച്ച ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന സംഭവമായിരുന്നു, ഐതിഹാസികമായ കര്‍ഷക സമരം. 2020 നവംബര്‍ 26ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തുടക്കം കുറിച്ച, തികച്ചും സമാധാനപരമായി നടത്തിയ പ്രതിഷേധ സമരത്തെ നിഷ്പക്ഷമതികളായ ദേശീയ വിദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്, ആധുനിക ഇന്ത്യയുടെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ ഏറ്റവും മഹത്തരവും ദീര്‍ഘകാലം നീണ്ടുനിന്നതുമായ കര്‍ഷക സമരം എന്നാണ്. ഇന്നും ഒരു കാര്‍ഷിക രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയില്‍ ഇതുപോലൊരു സമരത്തിനു പ്രകോപനം സൃഷ്ടിച്ച സാഹചര്യങ്ങള്‍ ഏവര്‍ക്കുമറിയാം. ഭരണഘടനയെ ഒരു നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സ് വഴി, നിരവധി വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന മൂന്നു സമഗ്ര കാര്‍ഷിക മേഖലാനിയമങ്ങള്‍ പ്രയോഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു മോഡി സര്‍ക്കാര്‍. ഒന്ന്, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ആന്റ് കൊമേഴ്സ് (പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍) ആക്ട്; രണ്ട്, ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം പ്രൊട്ടക്ഷന്‍ ആക്ട്); മൂന്ന്, എസെന്‍ഷ്യല്‍ കമ്മോഡിറ്റീവ് (അമെന്റ്മെന്റ്) ആക്ട് എന്നീ മൂന്നു നിയമങ്ങള്‍ പൂര്‍ണ രൂപത്തില്‍ നടപ്പാകുന്നതോടെ കാര്‍ഷികോല്പന്നങ്ങളുടെ സൂക്ഷിപ്പ്, വ്യാപാരം, വാണിജ്യം എന്നീ ഇടപാടുകളും കര്‍ഷകരുടെ അധികാര, അവകാശ പരിധികള്‍ക്കപ്പുറമാക്കപ്പെടും. കാര്‍ഷികോല്പന്നങ്ങളുടെ വില നിര്‍ണയവും കാര്‍ഷിക മേഖലാ അനുബന്ധ സമീപനങ്ങളും കര്‍ഷക സമൂഹത്തിന് അന്യമാവുകയും ചെയ്യുമായിരുന്നു.
ഇത്തരമൊരു ദുര്‍ഗതി ഒഴിവാക്കിയേ തീരൂ എന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച (എഎസ്‌കെഎ) എന്ന പൊതുവേദി പ്രക്ഷോഭങ്ങള്‍ക്ക് കൂട്ടായ നേതൃത്വവും ദിശാനിര്‍ണയവും നടത്തിയത്. രാഷ്ട്രീയ കക്ഷികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ, എന്നാല്‍ അവയുടെ പ്രവര്‍ത്തകരുടെ സഹായത്തോടെയും അനുഗ്രഹാശിസുകളോടെയും നടത്തി വിജയം കണ്ടെത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്നൊരു പ്രക്ഷോപണമായിരുന്നു കര്‍ഷകരുടേത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരത്തിലൂടെ ഈ സമരം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു എന്നും നമുക്ക് നിസംശയം പറയാന്‍ കഴിയും. മാത്രമല്ല, ഇന്ത്യന്‍ ജനതക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ എണ്ണയും പയറുവര്‍ഗങ്ങളും ഉല്പാദിപ്പിക്കുന്ന പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളുടെ ത്യാഗോജ്ജ്വലമായൊരു സമരമായിരുന്നു ഇതെന്നുകൂടി വിശേഷിപ്പിക്കേണ്ടതുണ്ട്. സാര്‍വദേശീയ മാധ്യമങ്ങളായ ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ടൈംസ് തുടങ്ങിയവക്കു പുറമെ, ലോക പ്രസിദ്ധി നേടിയ വിദേശ സര്‍വകലാശാലകളിലെ അക്കാദമിക പണ്ഡിതന്മാരുടെയും മുക്തകണ്ഠം പ്രശംസ പടിച്ചുപറ്റുന്നതിലും കര്‍ഷക ജനത വിജയിച്ചു. സംഘ്പരിവാര്‍ അണികളെയും ഭരണകൂട ഭീകരതയ്ക്ക് സഹായകമായ നിയമപാലകരെന്ന ഗുണ്ടാവേഷധാരികളെയും വിനിയോഗിച്ച് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റു ഭരണകൂടം നടത്തിയ പരിശ്രമങ്ങള്‍ തീര്‍ത്തും പാഴാവുകയും ചെയ്തു. മോഡി ഭരണകൂടത്തിനു പുറമെ ബിജെപി നിയന്ത്രണത്തിലുള്ള യുപി, ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാന ഭരണകൂടങ്ങളും അഡാനി-അംബാനിമാര്‍ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ കോര്‍പറേറ്റ് സാമ്രാജ്യവും സമരത്തിനുമുന്നില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിലുള്ള ജാള്യത മറയ്ക്കാന്‍ കുറച്ചൊന്നുമല്ല പാടുപെടേണ്ടിവന്നത്.
ഇതുകൂടി വായിക്കൂ: ഉണര്‍വോടെ കാര്‍ഷികം
സംഘ്പരിവാറുകാരുടെ പ്രേരണയെതുടര്‍ന്നവര്‍ നിയോഗിച്ച സാമൂഹ്യവിരുദ്ധര്‍, കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും കര്‍ഷകരെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് അവരെ വലിച്ചിഴയ്ക്കാനും പരമാവധി ശ്രമിച്ചെങ്കിലും അതെന്നും വിജയിച്ചില്ല. കര്‍ഷകനെതിരായി 48,000 കള്ളക്കേസുകള് ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷം പിന്നിട്ടശേഷവും ഇതില്‍ നിരവധി കേസുകള്‍ ഇന്നും തുടരുന്നു. ഡല്‍ഹിയില്‍ ചാര്‍ജ് ചെയ്ത 54 കേസുകളില്‍ 17 എണ്ണം പിന്‍വലിക്കാമെന്നായിരുന്നു ധാരണയെങ്കിലും അതെല്ലാം ഇഴഞ്ഞുനീങ്ങുകയാണിന്നും. കര്‍ഷക സമരത്തില്‍ പങ്കെടുക്കവെ ജീവന്‍ നഷ്ടപ്പെട്ട 714 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും സ്തംഭനാവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാദം ഇതിന്റെ ബാധ്യത സംസ്ഥാന സര്‍ക്കാരുകളുടെതെന്നാണ്. അതേ അവസരത്തില്‍ ലഖിംപുര്‍ഖേരിയില്‍ കര്‍ഷക സമരക്കാരെ കാര്‍ ഓടിച്ചുകയറ്റി കൂട്ടത്തോടെ കൊല ചെയ്യാന്‍ ഒരുമ്പെട്ടതിന് പ്രേരണ നല്കിയ ബിജെപി നേതാവ് കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അഞ്ച് സമര സഖാക്കളെയാണ് അന്ന് കര്‍ഷക സംഘടനകള്‍ക്ക് നഷ്ടമായത്. കാറ് കയറ്റിക്കൊല്ലാന്‍ നേരിട്ട് പങ്കെടുത്തത് അജയ് മിശ്രയുടെ മകനാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്കിയതോടെ പൊലീസിന് കസ്റ്റഡിയിലെടുക്കേണ്ടിവന്നു. എന്നാല്‍, ഈ കേസിന്റെ അവസാനം എന്തായിരിക്കുമെന്നത് ഇന്നും അവ്യക്തതയിലാണ് തുടരുന്നത്.
കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിച്ചിട്ട് മാസങ്ങളായിട്ടും 2022 ജൂലൈ മാസം 18നു മാത്രമാണ് മുന്‍ കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികളുമായി ചര്‍ച്ചകള്‍ക്കും പ്രശ്ന പരിഹാരത്തിനുമായുള്ള പരിഹാര മാര്‍ഗങ്ങള്‍ക്കും മറ്റുമായി ഒരു സമിതിതന്നെ നിലവില്‍ വന്നത്. സര്‍ക്കാരിന്റെ ചര്‍ച്ചകളിലോ വാഗ്ദാനങ്ങളിലോ വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സമരം പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന ദിവസമായിരുന്നു. അതായത് 2022 ഓഗസ്റ്റ് 22ന് ഇക്കാരണത്താല്‍തന്നെ കര്‍ഷക സംഘടനയ്ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടായില്ല. അവര്‍ പങ്കെടുത്തതുമില്ല. മൊത്തം 21 അംഗങ്ങളുള്ള ഈ സമിതിയില്‍ കിസാന്‍മോര്‍ച്ചയുടെ മൂന്ന് പ്രതിനിധികള്‍ മാത്രമാണുള്ളതും. ഇതിനിടെ കര്‍ഷക സംഘടനകളുടെ അസംതൃപ്തിക്കു മാറ്റു കൂട്ടാന്‍ പുതിയൊരു വൈദ്യുതി ബില്‍ അവതരിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ നടത്തിവരുന്ന തീരുമാനവും ഇടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയന്‍ സംഘടനകളും ബിജെപിയും ബിജെപിയെ പിന്തുണയ്ക്കുന്ന ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂര്‍ സംഘിന്റെ കീഴിലുള്ള സംഘടനയും ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളിലും വൈദ്യുതി ഉല്പാദന–വിതരണ മേഖലകളുടെ സ്വകാര്യവല്ക്കരണത്തിലേക്ക് വഴിയൊരുക്കുന്ന ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. കര്‍ഷക നിയമങ്ങള്‍ക്ക് രൂപം നല്കുമ്പോള്‍ തങ്ങള്‍ക്ക് ദ്രോഹകരമാകുന്നനിലയില്‍ മറ്റൊരു അവതാരം കൂടി വൈദ്യുതി ബില്ലിന്റെ രൂപത്തില്‍ വന്നുചേരുമെന്ന ഭയപ്പാട് കിസാന്‍മോര്‍ച്ചക്ക് ഉണ്ടായിരുന്നുമില്ല. സ്വാഭാവികമായും രണ്ടാംവട്ടം സമരത്തിനിറങ്ങുന്ന കര്‍ഷകര്‍ക്കുള്ള വിഷയവും ശക്തിപകരുന്നുണ്ട്.
ഇതുകൂടി വായിക്കൂ: കാര്‍ഷിക മേഖലയില്‍ ജീവനറ്റ പദ്ധതികള്‍
ഇതിനിടെ കര്‍ഷക മോര്‍ച്ചയുടെ രണ്ടാംഘട്ട സമരത്തിന് അഥവാ ഒന്നാംഘട്ട സമരത്തിന്റെ പുനരാരംഭത്തിന് ആക്കം കൂട്ടുന്നതിലേക്ക് ‘അഗ്നിപഥ്’ എന്ന തട്ടിപ്പ് തൊഴില്‍ദാന പദ്ധതിയും ഒരു ഘടകമായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കാര്‍ഷിക – ഗ്രാമീണ മേഖലയില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പുറമെ അതിനെക്കാള്‍ ആകര്‍ഷണീയമായ ഈ പുതിയ പദ്ധതിയും കാര്‍ഷികമേഖലയില്‍ പൂര്‍ണസമയ തൊഴിലില്ലാത്തവരായുള്ള യുവ കര്‍ഷക കുടുംബാംഗങ്ങളെ അഗ്നിപഥിലേക്ക് ആകര്‍ഷിക്കുമെന്നും അതേത്തുടര്‍ന്ന് കര്‍ഷക സമരത്തില്‍ യുവാക്കളുടെ പങ്കാളിത്തം കുറയാനിടവരുമെന്നുമാണ് കര്‍ഷക സംഘടനകള്‍ ഭയപ്പെടുന്നത്. ഒരു പരിധിവരെയെങ്കിലും ഇതിന് അടിസ്ഥാനവുമുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷക്കാലയളവില്‍ ഉയര്‍ന്നുകൊണ്ടിരുന്ന ശബ്ദ കോലാഹലങ്ങളും ആഹ്ലാദവും ഉത്സവഛായയുമെല്ലാം സമാപനം കുറിക്കുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പ്രകൃതിക്ഷോഭത്തിനും വെള്ളപ്പൊക്കക്കെടുതികള്‍ക്കും വിധേയമാക്കപ്പെടുകയും ചെയ്തതോടെ, കര്‍ഷകസമൂഹം അല്പം പതറിപ്പോയെങ്കിലും അവര്‍ താമസിയാതെ തങ്ങളുടെ സമരവീര്യം തിരികെ പിടിക്കുന്ന കാഴ്ചയാണ് ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, മോഡി ഭരണകൂടത്തിന്റെ ലക്ഷ്യ പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും ഇന്ത്യന്‍ ജനതയ്ക്ക് പൊതുവിലും കര്‍ഷക ജനതയ്ക്ക് വിശേഷിച്ചും ക്രമേണ വിശ്വാസം നഷ്ടപ്പെട്ടുവരുകയാണെന്നാണ് സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ നല്കുന്ന ഏകദേശ സൂചനകള്‍. മാത്രമല്ല, കര്‍ഷക ജനതയെ മോഡി സര്‍ക്കാര്‍ തുടര്‍ച്ചയായി തഴയുമ്പോള്‍ രാജ്യത്തെ വന്‍ കോര്‍പറേറ്റുകള്‍ ആഹ്ലാദതിമിര്‍പ്പിലാണ്. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും അകപ്പെട്ട നരകയാതന അനുഭവിക്കുന്ന ബഹുഭൂരിഭാഗം ഇന്ത്യന്‍ ജനത ഒരുവശത്ത് നിലകൊള്ളുമ്പോള്‍ മറുവശത്താവട്ടെ, കോര്‍പറേറ്റുകള്‍ അനുദിനം സ്വത്തും വരുമാനവും കുന്നുകൂട്ടുകയാണ്. ഇന്ത്യന്‍ ഓഹരിവിപണിയില്‍ 100 കോടി ഡോളറിലേറെ ആസ്തിമൂല്യമുള്ള 420 കമ്പനികള്‍ ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയിലുണ്ട്. ശതകോടി ഡോളര്‍ ആസ്തികളുള്ള അതിസമ്പന്നരുടെ എണ്ണം കുതിച്ചുയര്‍ന്നത് 42 ല്‍ നിന്നും 142 ലേക്കാണ്. ഓരോ വാര്‍ഷിക ബജറ്റിലും സമ്പന്നവര്‍ഗത്തിന് നിരവധി ഇളവുകളും മറ്റും അനുവദിക്കുന്നതില്‍ മടിച്ചുനില്ക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുന്നതിലും അവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്നതിനെ ഫ്രീബീസ് എന്ന പേരില്‍ വിഭവചോര്‍ച്ചയുടെ സ്രോതസായി ചിത്രീകരിക്കുകയും ജനക്ഷേമ പദ്ധതികളേയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ നക്കാപ്പിച്ച വേതന വരുമാനം നല്കുന്നതില്‍ ലുബ്ധം കാണിക്കുന്നതോടൊപ്പം അത്തരം മുഴുവന്‍ സൗജന്യങ്ങളെയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്. ഇതിനെല്ലാം പുറമെ മോഡി സര്‍ക്കാര്‍ ദേശീയ മോണറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടെലികോം, റയില്‍വേ, വ്യോമയാനം, വൈദ്യുതി, പ്രതിരോധ സംവിധാന നിര്‍മ്മാണ വ്യവസായങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ സകല വികസന മേഖലകള്‍ക്കു പുറമെ, തന്ത്രപ്രധാനമായ ബഹിരാകാശ ഗവേഷണ മേഖല ഉള്‍പ്പെടെ സര്‍വമേഖലകളെയും ദേശീയ–വിദേശീയാകുന്ന കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള തത്രപ്പാടിലുമാണ്.
ഇതുകൂടി വായിക്കൂ: കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍
ഇതിനെക്കാളേറെ, യഥാര്‍ത്ഥ രാജ്യസ്നേഹികളായ ഇന്ത്യന്‍ ജനതയെ കടുത്ത ആശങ്കയിലാഴ്ത്തുന്ന നയസമീപനമാണ് മാധ്യമങ്ങളോട് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏതു വിമര്‍ശനവും വിയോജിപ്പും തകര്‍ക്കുക എന്നത് ലക്ഷ്യമാക്കിയാണ് ഹിന്ദുത്വത്തിന്റെയും ദേശീയ താല്പര്യസംരക്ഷണവും വൈകാരിക പ്രശ്നങ്ങളായി ഉയര്‍ത്തി ആളിക്കത്തിക്കാന്‍ മാത്രമല്ല, തികച്ചും ന്യായമായ ജീവല്‍ പ്രശ്നങ്ങളുയര്‍ത്തി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ മുച്ചൂടും മുടിക്കാനും കര്‍ഷക സമരത്തെ രാജ്യസുരക്ഷാ ഭീഷണിയായി ചിത്രീകരിക്കാനും ഉന്നതങ്ങളില്‍ പരിശ്രമങ്ങള്‍ നടന്നുവരുന്നത് നിസാരമായി കാണരുത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ പോലും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര ഗവേഷണ സ്ഥാപനത്തിന് മറവിരോഗം ബാധിച്ചിരിക്കുന്നതെന്നോര്‍ക്കുക. മഹാത്മാജിയെയും പണ്ഡിറ്റ് നെഹ്രുവിനെ വിസ്മൃതിയിലാഴ്ത്താനുള്ള തത്രപ്പാടിലാണ് ഈ സ്ഥാപനം. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഐസിഎച്ച്ആര്‍ എന്ന ഈ ചരിത്ര ഗവേഷണ സ്ഥാപനം പുറത്തിറക്കിയ പോസ്റ്ററില്‍ പണ്ഡിറ്റ് നെഹ്രുവിന്റെ ചിത്രം മനഃപൂര്‍വം ഒഴിവാക്കിയിരിക്കുന്നു. അതേ അവസരത്തില്‍ 75-ാം സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മറ്റും കൂട്ടത്തില്‍ സവര്‍ക്കറുടെ പേരുകൂടി ചേര്‍ക്കാന്‍ മറന്നില്ലെന്നും നാം ഓര്‍ത്തിരിക്കേണ്ടതാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അംബാനിമാര്‍ക്കും അഡാനിമാര്‍ക്കും നരേന്ദ്രമോഡി-അമിത് ഷാ സഖ്യത്തിനും സംഘ്പരിവാറുകാര്‍ക്കും ഓര്‍ത്തിരിക്കേണ്ടതില്ലെങ്കിലും നമ്മുടെ കര്‍ഷക സമൂഹത്തിന് ഈ മനോഭാവം ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല.
കര്‍ഷക മോര്‍ച്ച രണ്ടാമത് ഒരിക്കല്‍ക്കൂടി മോഡി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി ഡല്‍ഹിയിലെ അതിര്‍ത്തികളിലേക്ക് നീങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ രണ്ടാം വരവ് അത്ര നിസാരമായിരിക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാത്തിരുന്നു കാണണം. കാരണം, ഒന്നാംഘട്ട സമരത്തില്‍ നിന്നും വിഭിന്നമായി ഇക്കുറി നേരത്തെ സൂചിപ്പിച്ചതുപോലെ കര്‍ഷക മോര്‍ച്ച, യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്സ്സര്‍വീസ്‌മെന്‍ എന്ന സംഘടനയും വിവിധ യുവജന സംഘടനകളും ചേര്‍ന്നുള്ള സമരമാണ് ‘അഗ്നിപഥി‘ന്റെ പശ്ചാത്തലത്തില്‍ നടത്തുക. സായുധസേനകളില്‍ സ്ഥിര നിയമന രീതി അവസാനിപ്പിക്കുന്ന ഈ പദ്ധതി സ്വന്തം യുവാക്കളുടെ ഭാവി സ്ഥിര തൊഴില്‍ സാധ്യതകള്‍ക്ക് തുരങ്കം വയ്ക്കുമെന്ന ദീര്‍ഘകാല സാധ്യതയും അവരെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് ‘ജയ് കിസാന്‍ ജയ് ജവാന്‍’ എന്ന പുതിയ മുദ്രാവാക്യം മുഴക്കി പ്രക്ഷോഭണം പുനരാരംഭിച്ചിട്ടുള്ളത്.